the allahabad high court criticized the yogi adityanath government for continuing the “bulldozer raj” in uttar pradesh, saying such illegal demolitions are unacceptable when a supreme court ban is in place.
HOME
DETAILS
MAL
സുപ്രിംകോടതി നിരോധനമുണ്ടായിട്ടും പൊളിക്കൽ തുടരുന്നു; ബുൾഡോസർ രാജിൽ യു.പി സർക്കാരിനെതിരേ ഹൈക്കോടതി
February 04, 2026 | 2:45 AM
ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ തുടരുന്ന ബുൾഡോസർ രാജിനെതിരേ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. നിയമവിരുദ്ധമായി കെട്ടിടങ്ങളും മറ്റ് നിർമിതികളും പൊളിക്കുന്ന 'ബുൾഡോസർ രാജ്' നടപടി നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് നിലനിൽക്കെ, ഉത്തർപ്രദേശിൽ ഇത്തരം നീക്കങ്ങൾ തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നാലുടൻ കെട്ടിടങ്ങൾ പൊളിക്കുന്നത് ഭരണഘടനാപരമായ അധികാരത്തിന്റെ ദുർവിനിയോഗല്ലേയെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
കുറ്റകൃത്യം നടന്നാലുടൻ താമസക്കാർക്ക് നോട്ടീസ് നൽകുന്നതും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന വ്യാജേന വീടുകൾ തകർക്കുന്നതും പതിവാകുകയാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അഞ്ച് നിയമപരമായ ചോദ്യങ്ങൾ കോടതി യു.പി സർക്കാരിന് മുന്നിൽവച്ചു.
ബുൾഡോസർ നീതിക്കെതിരായ 2024 നവംബറിലെ സുപ്രിംകോടതി വിധി ലംഘിക്കപ്പെടുന്നുണ്ടോ?, പൊതുവായ ആവശ്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാതെ ജനങ്ങളുടെ താമസസ്ഥലങ്ങൾ തകർക്കാതിരിക്കാൻ സർക്കാരിന് ബാധ്യതയില്ലേ?, കുറ്റകൃത്യം നടന്നാലുടൻ കെട്ടിടം പൊളിക്കുന്നത് ഭരണകൂടത്തിന്റെ വിവേചനാധികാരത്തിന്റെ ദുരുപയോഗമാണോ?, പൊളിക്കാനുള്ള സർക്കാരിന്റെ അധികാരവും പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശവും തമ്മിലുള്ള വൈരുദ്ധ്യം ഹൈക്കോടതി എങ്ങനെ സന്തുലിതമാക്കണം?, വീട് പൊളിക്കുമെന്ന ആശങ്ക ഉണ്ടായാൽ പൗരന് കോടതിയെ സമീപിക്കാമോ?- ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസും അയച്ചു.
ഹമീർപൂർ സ്വദേശിയായ ഫൈമുദ്ദീൻ നൽകിയ ഹരജിയിലാണ് കോടതി നടപടി. ഹരജിക്കാരുടെ ബന്ധുവായ അഫാൻ ഖാൻ പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെ, തങ്ങളുടെ വീടും ഹോട്ടലും വരുമാനമാർഗമായ അരി മില്ലും തകർക്കാൻ അധികൃതർ നീക്കം നടത്തുന്നു എന്ന് ആരോപിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളല്ലെന്നും നിയമവിരുദ്ധമായാണ് സ്വത്തുകൾ കണ്ടുകെട്ടാൻ ശ്രമിക്കുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ പൊളിക്കൽ നടത്തില്ലെന്ന് സർക്കാർ വാക്കാൽ ഉറപ്പുനൽകിയെങ്കിലും, സുപ്രിംകോടതിയുടെ വിശദമായ മാർഗനിർദേശങ്ങൾ നിലനിൽക്കെ തന്നെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഹരജിയിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. ഈ മാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."