യു.എസ് പടക്കപ്പല്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ സൈന്യം, ഇറാനുമായി ചര്‍ച്ചയെന്ന് ട്രംപ്
തെഹ്‌റാന്‍: അറബിക്കടലില്‍ അമേരിക്കന്‍ പടക്കപ്പല്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍. അറബിക്കടലിലൂടെ നീങ്ങുന്ന അമേരിക്കന്‍ വിമാന വാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിനു നേരെയായിരുന്നു ഇറാന്‍ ഡ്രോണ്‍ അയച്ചത്. ഡ്രോണ്‍ വെടിവെച്ചിട്ടതായാണ് യു.എസിന്റെ അവകാശവാദം. കപ്പലിന്റെയും ജീവനക്കാരുടെയും സ്വയരക്ഷക്കു വേണ്ടി ഡ്രോണ്‍ വെടിവെച്ചിട്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ വക്താവ് ടിം ഹോകിന്‍സ് അറിയിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. അറബിക്കടലില്‍ ഇറാന്റെ തെക്കന്‍ തീരത്തു നിന്നും 800 കിലോമീറ്ററോളം അകലെയായി സഞ്ചരിക്കുകയായിരുന്ന കപ്പലിനരികിലേക്കാണ് ഇറാന്റെ ഷഹീദ് 139 ഡ്രോണ്‍ എത്തിയത്. തുടര്‍ന്ന് കപ്പലില്‍ നിന്നുള്ള എഫ് 35 സി യുദ്ധ വിമാനം ഉപയോഗിച്ച് ഡ്രോണ്‍ തകര്‍ക്കുകയായിരുന്നു- സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് വിശദീകരിക്കുന്നു.
അതേസമയം, സംഭവത്തെ കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര ജല മേഖലയിലൂടെ സഞ്ചരിച്ച ഡ്രോണുമായി ആശയ വിനിമയം നഷ്ടമായതായി അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള ഇറാന്റെ 'തസ്‌നിം' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ആണവ ചര്‍ച്ചകള്‍ക്കുള്ള നീക്കങ്ങളും സജീവമാണ്. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.
വാഷിങ്ടണ്‍ ഇറാനുമായി ഉടന്‍ തന്നെ ചര്‍ച്ചകള്‍ നടത്തുന്നുമെന്ന് ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എവിടെയാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
'ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞതാണ്. പക്ഷേ അവര്‍ ചര്‍ച്ചകള്‍ നടത്താന്‍ മുന്നോട്ട് വന്നിരിക്കുന്നു. അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്തെങ്കിലും നടക്കുമോ എന്ന് നമുക്ക് നോക്കാം. തീരുമാനമെടുക്കാന്‍ അവര്‍ക്ക് കുറച്ച് മുമ്പ് അവസരം ലഭിച്ചിരുന്നു.എന്നാല്‍ ഫലമുണ്ടായില്ല' ട്രംപ് പറഞ്ഞു.
'ഞങ്ങള്‍ 'മിഡ്നൈറ്റ് ഹാമര്‍' പ്രയോഗിച്ചു. അത് വീണ്ടും സംഭവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല' കഴിഞ്ഞ ജൂണില്‍ യു.എസ് വ്യോമസേനയും നാവികസേനയും മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചത് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുദ്ധ സന്നാഹങ്ങള്‍ സജീവമാക്കി ഏത് നിമിഷവും ആക്രമണമുണ്ടാവുമെന്ന് സമ്മര്‍ദ്ദം ചെലുത്തി ഇറാനെ കരാറിലെത്തിക്കാനാണ് അമേരിക്കന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചര്‍ച്ച ആണവ പദ്ധതിയില്‍ കേന്ദ്രീകരിക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മേഖലയിലെ വിവിധ സായുധ ഗ്രൂപ്പുകളുമായുള്ള ഇറാന്റെ ബന്ധവും ബാലിസ്റ്റിക് മിസൈല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചാ വിഷയമാക്കാനാണ് യു.എസ് നീക്കം. എന്നാല്‍ തങ്ങള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ആണവ ചര്‍ച്ചകള്‍ക്കായി സന്നദ്ധമാവൂവെന്നും ഇറാന്‍ പറയുന്നുണ്ട്.
അതിനിടെ, അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് തുര്‍ക്കിയ, ഒമാന്‍ രാജ്യങ്ങളെ വേദിയാക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രാലയം ശ്രമിക്കുന്നതായി 'തസ്‌നിം' റിപ്പോര്‍ട്ട് ചെയ്യുന്നു.
the united states claims it shot down an iranian shahed 139 drone near the uss abraham lincoln in the arabian sea, as diplomatic efforts and nuclear negotiations between washington and tehran continue amid rising regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."