ആഹ്ലാദചിറകിലേറി ഓണാഘോഷം വേദനകള്‍ മറന്ന് അവര്‍ ഓണമാഘോഷിച്ചു
ചെറുവത്തൂര്‍: വിധിയും അസുഖങ്ങളും തളര്‍ത്തിയപ്പോള്‍ ആഘോഷങ്ങളെല്ലാം വീടിനുള്ളില്‍ ഒതുങ്ങിപ്പോയവര്‍ വേദനകള്‍ മറന്ന് ഓണമാഘോഷിച്ചു. പിലിക്കോട് പഞ്ചായത്ത് ജനകീയ പാലിയേറ്റീവ് സമിതിയുടെ നേതൃത്വത്തിലായിരുന്നു നന്‍മയുടെ നിറവുമായി ഓണാഘോഷം നടന്നത്. നാടെങ്ങും നടക്കുന്ന ഓണാഘോഷത്തിന്റെ പൊലിമ വര്‍ഷങ്ങളായി നേരിട്ടറിയാന്‍ കഴിയാതിരുന്ന ഇരുന്നൂറോളം പേര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഓണപ്പാട്ടുകള്‍ പാടിയും ഓണ വിശേഷങ്ങള്‍ പങ്കുവെച്ചും കരക്കേരുവില്‍ നടന്ന സ്‌നേഹ സംഗമത്തില്‍ എല്ലാവരും സജീവമായി.
വീല്‍ ചെയറിലും മറ്റുള്ളവരുടെ സഹായത്തോടെയുമാണ് ഭൂരിപക്ഷം പേരും സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സ്‌നേഹ സംഗമത്തില്‍ കലാവിരുന്നും ഒരുക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.വി ദിനേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി. ഡോ. ടി.വി സുരേന്ദ്രന്‍, പി ശൈലജ, പി രാമചന്ദ്രന്‍, കെ ദാമോദരന്‍ സംസാരിച്ചു. 200 പേര്‍ക്ക് ഓണക്കിറ്റും നല്‍കി. വെള്ളച്ചാലിലെ സ്‌നേഹാമൃതം കൂട്ടായ്മ, പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് എന്നിവ അന്‍പതു കിറ്റുകള്‍ വീതം നല്‍കി. പഞ്ചായത്തിലെ പതിനാറു വാര്‍ഡുകളിലെ കുടുംബശ്രീ യൂനിറ്റുകള്‍, വിവിധ തൊഴിലാളി സംഘടനകള്‍, വ്യാപാരികള്‍, കേബിള്‍ ടി.വി ഓപറേറ്റര്‍മാര്‍, എ.ഡി.എസ്, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരെല്ലാം കിറ്റുകള്‍ എത്തിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."