മലയാളിയില്ലാതെ എന്ത് ലോകകപ്പ്! ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ
2026 ടി-20 ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. 2024ൽ സ്വന്തമാക്കിയ ടി-20 കിരീടം സ്വന്തം മണ്ണിൽ നിലനിർത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് സൂര്യകുമാർ യാദവിന്റെ കീഴിൽ ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. മറ്റൊരു ലോകകപ്പിൽ കൂടി ഇന്ത്യ കളിക്കാനിറങ്ങുമ്പോൾ ഈ ലോകകപ്പ് മലയാളി ക്രിക്കറ്റ് പ്രേമികൾക്കും ഏറെ സ്പെഷ്യലാണ്.
കേരളത്തിന്റെ അഭിമാന താരമായ സഞ്ജു സാംസൺ ടീമിന്റെ ഭാഗമാണെന്നുള്ളതാണ് മലയാളികളെ ആവേശത്തിലാക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിലെല്ലാം ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. ചരിത്രത്തിൽ നാല് തവണയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്. ഈ നാല് ലോകകപ്പിലും ഇന്ത്യൻ ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു.
1983ൽ കപിൽ ദേവിന്റെ കീഴിലാണ് ഇന്ത്യ ആദ്യമായി ലോകം കീഴടക്കുന്നത്. ഇംഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ ലോഡ്സിൽ നടന്ന ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തിയാണ് കപിലിന്റെ സംഘം കിരീടം ചൂടിയത്. ഈ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഒരു മലയാളി ഉണ്ടായിരുന്നു. കണ്ണൂർ ചന്ദ്രോത്ത് സ്വദേശിയായ സുനിൽ വത്സൻ ആയിരുന്നു ആ ലോകകപ്പിലെ ഇന്ത്യയുടെ മലയാളി സാന്നിധ്യം. എന്നാൽ നിർഭാഗ്യവശാൽ ലോകകപ്പിലെ ഒരു മത്സരത്തിൽ പോലും കളത്തിൽ ഇറങ്ങാൻ സുനിൽ വത്സന് സാധിച്ചിരുന്നില്ല. എങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയത്തിൽ പങ്കാളിയാവാൻ സുനിൽ വത്സന് സാധിച്ചു.
ഇതിന് ശേഷം 2007ൽ എം.എസ് ധോണിക്ക് കീഴിലാണ് ഇന്ത്യ ആദ്യ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത്. ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ മലയാളി സാന്നിധ്യം എസ് ശ്രീശാന്ത് ആയിരുന്നു. ആ ടൂർണമെന്റിൽ ഇന്ത്യൻ ബൗളിങ് നിരയിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ശ്രീശാന്തിന് സാധിച്ചിരുന്നു. ഫൈനലിൽ ശ്രീശാന്തിന്റെ ക്യാച്ചിലൂടെയായിരുന്നു ഇന്ത്യ ആ ലോകകപ്പ് കൈപ്പിടിയിലാക്കിയത്. മിസ്ബ ഉൾ ഹഖിന്റെ ക്യാച്ച് നേടിയാണ് ശ്രീശാന്ത് ലോകകപ്പ് സമ്മാനിച്ചത്.
സെമി ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയക്കെതിരെയും മിന്നും പ്രകടനമായിരുന്നു ശ്രീശാന്ത് പുറത്തെടുത്തത്. നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടു നൽകി രണ്ട് വിക്കറ്റുകൾ ആയിരുന്നു ശ്രീശാന്ത് വീഴ്ത്തിയത്. അന്നത്തെ ഓസ്ട്രേലിയൻ നിരയിലെ അപകടകാരികളായ മാത്യു ഹെയ്ഡൻ, ആദം ഗിൽക്രിസ്റ്റ് എന്നിവരെയായിരുന്നു ശ്രീശാന്ത് പുറത്താക്കിയത്. 2011ൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായി. ആ ടൂർണമെന്റിലെ ഇന്ത്യൻ ടീമിലും ശ്രീശാന്ത് ഉണ്ടായിരുന്നു.
ഇതിന് ശേഷം ഇന്ത്യ ഒരു ലോകകപ്പ് സ്വന്തമാക്കാൻ കാത്തിരിക്കേണ്ടി വന്നത് 13 വർഷമായിരുന്നു. 2024 ടി-20 ലോകകപ്പിൽ രോഹിത് ശർമക്ക് കീഴിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. കലാശ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ഈ ലോകകപ്പിൽ മലയാളി സാന്നിധ്യം അറിയിച്ചത് സൂപ്പർതാരം സഞ്ജു സാംസൺ ആയിരുന്നു. എന്നാൽ ടൂർണമെന്റിൽ ഒറ്റ മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് കൂടി അടുത്തെത്തി നിൽക്കുമ്പോൾ അതെ സഞ്ജു സാംസൺ തന്നെ ഇന്ത്യൻ നിരയിലുണ്ട്. 1983 മുതൽ ആരംഭിച്ച ഇന്ത്യയുടെ ലോകകപ്പ് വിജയം 2026ൽ എത്തി നിൽക്കുകയാണ്. 43 വർഷത്തെ ലോകകപ്പ് വിജയങ്ങളിലെല്ലാം ഒരു മലയാളി ഉണ്ടായിരുന്നുവെന്ന ചരിത്രം സഞ്ജുവിലൂടെ ഇത്തവണയും തിരുത്തപ്പെടാതെ നിലനിൽക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
The cricket world is excited about the 2026 T-20 World Cup. India, under the leadership of Suryakumar Yadav, is taking to the field with the big goal of retaining the T-20 title it won in 2024 on its own soil. As India is set to play in yet another World Cup, this World Cup is also very special for Kerala cricket fans. It is also noteworthy that there has been a Kerala presence in all of India's World Cup victories. The Indian cricket team has won the World Cup four times in history. In all four World Cups, there was a Kerala player in the Indian team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."