മെഡിക്കല്‍ പ്രവേശനം ലഭിച്ച ആദിവാസികളുടെ പഠനച്ചെലവ് എ.ഐ.എസ്.എഫ് ഏറ്റെടുത്തു
പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയില്‍ നിന്നും ആദ്യമായി മെഡിക്കല്‍ പഠന പ്രവേശനത്തിന് അര്‍ഹത നേടിയ രണ്ടു വിദ്യാര്‍ഥികളുടെ പഠന ചെലവ് എ.ഐ.എസ്.എഫ് ഏറ്റെടുത്തു.
അട്ടപ്പാടി ആദിവാസി ഊരുകളുടെ ചരിത്രത്തിലാദ്യമായാണ് പുതൂരിലെ കര്‍ഷകതൊഴിലാളി ദ്വരൈരാജിന്റെയും വിജയലക്ഷ്മിയുടെയും മകന്‍ രാഹുല്‍രാജും, അഗളി പഞ്ചായത്തിലെ വള്ളിമാരി ഊരിലെ രാഘവന്റെയും ശാന്താമണിയുടെയും മകള്‍ കാര്‍ത്തികയും മെഡിസിന് അഡ്മിഷന്‍ നേടിയത്.രാഹുല്‍രാജിന് ആലപ്പുഴ മെഡിക്കല്‍ കോളജിലും കാര്‍ത്തികക്ക് തൃശൂര്‍ മെഡിക്കല്‍ കോളജിലുമാണ് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്.
നിര്‍ധന കുടുംബാംഗമായ ഇരുവരുടെയും പഠന ചെലവുകള്‍ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയാണ് ഏറ്റെടുത്തത്. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ പഠനസഹായത്തിന്റെ ഉദ്ഘാടനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ നിര്‍വ്വഹിച്ചു.
ആദിവാസി -ദലിത് പിന്നോക്ക മേഖലകളിലെ വിദ്യാഭ്യാസപുരോഗതിയ്ക്കു നൂതന കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനും ആദിവാസി ഊരുകളിലെ സ്‌കൂളുകള്‍ ഏറ്റെടുത്തു സംരക്ഷിക്കുന്ന 'നിറവ് ' ക്യാംപയിനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ ഷിനാഫ് പല്ലശ്ശന അധ്യക്ഷനായി. വി വിനില്‍, കബീര്‍ മണ്ണാര്‍ക്കാട്, വിഷ്ണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."