അധ്യക്ഷനും അംഗങ്ങളുമില്ല ന്യൂനപക്ഷ കമ്മിഷൻ നിശ്ചലം; കേന്ദ്രത്തിന് ഹൈക്കോടതി വിമർശനം; നോട്ടിസ്
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മിഷനിലെ ചെയർമാൻ ഉൾപ്പെടെയുള്ള സുപ്രധാന തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലം അങ്ങേയറ്റം അവ്യക്തമാണെന്ന് നിരീക്ഷിച്ച കോടതി, കൂടുതൽ വ്യക്തതയുള്ള പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരവിട്ടു.
കഴിഞ്ഞവർഷം ഏപ്രിൽ മുതൽ അധ്യക്ഷനോ, അംഗങ്ങളോ ഇല്ലാതെ കമ്മിഷൻ സ്തംഭനാവസ്ഥയിലാണെന്നത് ഗൗരവതരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹരജി പരിഗണിച്ചത്.
കമ്മിഷനിലെ നിയമന നടപടികൾ ഏത് ഘട്ടത്തിലാണെന്നോ, എപ്പോഴത്തേക്ക് പൂർത്തിയാകുമെന്നോ വ്യക്തമാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സമർപ്പിച്ച മുൻ നിലപാട് റിപ്പോർട്ട് തീർത്തും അപൂർണമാണ്.
നിയമന പ്രക്രിയ എപ്പോൾ തുടങ്ങിയെന്നോ, ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്നോ ഇതിൽ പറയുന്നില്ല. പുതിയ സത്യവാങ്മൂലത്തിൽ നിയമനങ്ങൾ പൂർത്തിയാക്കാനുള്ള വ്യക്തമായ സമയക്രമം ഉൾപ്പെടുത്തണമെന്ന് കോടതി കർശന നിർദേശം നൽകി.
ന്യൂനപക്ഷ ഏകോപന സമിതി കൺവീനർ മുജാഹിദ് നഫീസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2024 നവംബർ മുതൽ കമ്മിഷനിലെ അംഗങ്ങൾ വിരമിച്ചു തുടങ്ങുകയും 2025 ഏപ്രിലിൽ ചെയർമാൻ സ്ഥാനമൊഴിയുകയും ചെയ്തതോടെ ഭരണഘടനാപരമായ സംവിധാനം പൂർണമായും നിശ്ചലമായെന്ന് ഹരജിയിൽ പറയുന്നു. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന ഒരു സംവിധാനത്തെ ഇത്തരത്തിൽ നാഥനില്ലാതാക്കുന്നത് വീഴ്ചയാണെന്നും ഹരജിയിൽ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."