യുവതിയോട് അപമര്യാദയായി പെരുമാറി; തിരുവനന്തപുരത്ത് സ്പാ കേന്ദ്രം നഗരസഭ അടച്ചുപൂട്ടി
തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രത്തിൽ ജോലിക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നഗരസഭയുടെ കർശന നടപടി. സെക്രട്ടേറിയറ്റിന് മുൻപിൽ പ്രവർത്തിക്കുന്ന 'സ്പർശൻ വെൽനസ് സ്പാ' ആണ് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി അടച്ചുപൂട്ടിയത്.
ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. സ്പായിൽ അഭിമുഖത്തിനെത്തിയ 23-കാരിയായ യുവതിയോട് സ്ഥാപന അധികൃതർ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി നേരിട്ട് തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷിനെ വിളിച്ച് പരാതി ബോധിപ്പിച്ചു. യുവതിയുടെ പരാതി ഗൗരവകരമാണെന്ന് കണ്ട മേയർ ഉടൻ തന്നെ പൊലിസിനെയും നഗരസഭാ ആരോഗ്യ വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.
മേയറുടെ നിർദ്ദേശപ്രകാരം ഇന്ന് സ്പാ കേന്ദ്രത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പൊലിസും സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്പായുടെ ഒരു വിഭാഗം (പ്രീമിയം വിഭാഗം) മതിയായ ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ആരോഗ്യവിഭാഗം നിഷ്കർഷിക്കുന്ന സുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതായും പരിശോധനയിൽ ബോധ്യപ്പെട്ടു. നിയമവിരുദ്ധമായി പ്രവർത്തിച്ചതും പരാതിക്ക് ആസ്പദമായ സംഭവങ്ങൾ നടന്നതും കണക്കിലെടുത്ത് സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ നഗരസഭ ഉത്തരവിടുകയായിരുന്നു.
നഗരത്തിലെ ഇത്തരം കേന്ദ്രങ്ങളിൽ സ്ത്രീകൾക്കെതിരെ മോശം പെരുമാറ്റം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കും എന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നഗരത്തിലെ മറ്റ് സ്പാ കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.
A spa center in Thiruvananthapuram was shut down by the City Corporation following a complaint of misbehavior toward a 23-year-old woman. The incident occurred when the woman visited Sparshan Wellness Spa, located near the Secretariat, for a job interview.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."