ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാം, പക്ഷെ മൂന്ന് ഡിമാന്റുകൾ അംഗീകരിക്കണം; ഐസിസിയോട് പാകിസ്ഥാൻ
ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ ഐസിസിക്ക് മുമ്പിൽ നിബന്ധനകളുമായി പാകിസ്ഥാൻ. മൂന്ന് ആവശ്യങ്ങളാണ് പാക്കിസ്ഥാൻ ഉന്നയിച്ചിട്ടുള്ളത്. ടി-20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കാനുള്ള പണം നൽകണം, ബംഗ്ലാദേശിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണം, ഹസ്തദാനം ചെയ്യണം എന്നീ ആവശ്യങ്ങളാണ് പാകിസ്ഥാൻ ഐസിസിക്ക് മുന്നിൽ വെച്ചത്. ഈ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി ഐസിസി പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട മത്സരമാണ് പാകിസ്ഥാൻ ബഹിഷ്‌കരിച്ചത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ലോകകപ്പ് പൂർണ്ണമായും ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല. ഇന്ത്യയൊഴികെയുള്ള മറ്റ് രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ ടീം പങ്കെടുക്കും.
പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകൾ ലഭിക്കും. എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ പാകിസ്ഥാൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും വിജയത്തോടെയാണ് തുടങ്ങിയത്. പാകിസ്ഥാൻ നെതർലാൻഡ്സിനെതിരെ മൂന്ന് വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് 19.5 ഓവറിൽ 147 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ മൂന്ന് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
മറുഭാഗത്ത് ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അമേരിക്ക 132 റൺസിന് പുറത്തായി.
Pakistan has made three demands to the ICC to play against India in the T20 World Cup. Pakistan has made three demands to the ICC. They are to pay Bangladesh their participation fee despite their exclusion from the T20 World Cup, provide more financial assistance to Bangladesh, and allow them to host an ICC tournament in the future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."