എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്
ന്യൂയോര്‍ക്ക്: ജയിലില്‍ ജീവനൊടുക്കിയ കുപ്രസിദ്ധ യു.എസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ദലൈ ലാമയുടെ പേരുമെന്ന് റിപ്പോര്‍ട്ട്. 150ലേറെ തവണയാണ് ടിബറ്റന്‍ ബുദ്ധ മതക്കാരുടെ ആത്മീയ നേതാവും നൊബേല്‍ പുരസ്‌കാര ജേതാവുമായ ദലൈ ലാമയുടെ പേര് രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രഞ്ച് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി നടത്തിയ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, എപ്സ്റ്റീനുമായി ദലൈ ലാമ കൂടിക്കാഴ്ച നടത്തിയതായി രേഖകളില്ല.
'ദലൈ ലാമ' യുടെ പേര് എപ്സ്റ്റീന്‍ ഫയലുകളില്‍ ചുരുങ്ങിയത് 169 തവണയെങ്കിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വ്യാഴാഴ്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. ദലൈ ലാമയുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എപ്സ്റ്റീന്‍ ആലോചിക്കുന്നുണ്ടെന്ന് ഒരു അജ്ഞാത വ്യക്തി ഇ-മെയില്‍ സന്ദേശം അയച്ച കാര്യവും രേഖകളില്‍ പരാമര്‍ശിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2012 ഒക്ടോബര്‍ 21-ന് അയച്ച ഒരു ഇമെയിലില്‍, ദലൈലാമ പേരിടാത്ത ഒരു ദ്വീപില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് എപ്സ്റ്റീന്‍ ഒരു കോണ്‍ടാക്റ്റിനോട് പറയുന്നതായാണുള്ളത്.
'അതെ. ആദ്യപടി ടെന്‍സിനെ കാണുക എന്നതാണ്. ദലൈലാമ സെന്റര്‍ നടത്തുന്ന അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ലാബില്‍ ഡയറക്ടറുടെ ഫെലോയുമാണ് ടെന്‍സ്. മീഡിയ ലാബില്‍ 'എത്തിക്‌സ് ഇനിഷ്യേറ്റീവ്' ആരംഭിക്കാന്‍ പോകുകയാണ്. വൈജ്ഞാനിക യന്ത്രങ്ങളെയും മനുഷ്യനെയും കുറിച്ചുള്ള ഒരു മീറ്റിംഗ് പോലുള്ള രസകരമായ കാര്യങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു. ദലൈലാമയെ നമുക്ക് എത്തിച്ചു തരാന്‍ അദ്ദേഹത്തിന് കഴിയും,' 2015 മെയ് 10 ന് എപ്സ്റ്റീന് അയച്ച മറ്റൊരു ഇമെയില്‍ ഇങ്ങനെയാണ്.
മറ്റൊരു ഇമെയിലില്‍ എപ്സ്റ്റീന്‍ എഴുതുന്നു: 'ഞാന്‍ ദലൈലാമയെ അത്താഴത്തിന് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍'
എപ്സ്റ്റീന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനും കണ്‍സള്‍ട്ടന്റുമായ മൈക്കല്‍ വോള്‍ഫ്, കഴിഞ്ഞ ജൂലൈയില്‍ ഡെയ്ലി ബീറ്റിനായി ഹോസ്റ്റ് ജോവാന കോള്‍സിനൊപ്പം ഒരു പോഡ്കാസ്റ്റില്‍ എപ്സ്റ്റീന്റെ മാന്‍ഹട്ടന്‍ വസതിയില്‍ വെച്ച് ദലൈലാമയെ കണ്ടതായി വ്യക്തമാക്കുന്നു.
അതേസമയം, ദലൈ ലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനുമായി കണ്ടിട്ടില്ലെന്നും ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്താനോ ആശയവിനിമയം നടത്താനോ അദ്ദേഹം അനുമതി നല്‍കിയിട്ടില്ലെന്നും ദലൈ ലാമയുടെ ഓഫിസ് 'എക്‌സ്'ല്‍ അറിയിച്ചു. എപ്സ്റ്റീന്‍ ഫയലുകളില്‍ ഒരാളുടെ പേര് പരാമര്‍ശിക്കുന്നത് ആ വ്യക്തി എന്തെങ്കിലും തെറ്റ് ചെയ്തതായി അര്‍ത്ഥമാക്കുന്നില്ലെന്നും ഓഫിസ് വ്യക്തമാക്കി.
20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. ലോകത്തെ നടുക്കിയ വാര്‍ത്തകളാണ് ഈ ഫയല്‍ വഴി ചുരുളഴിഞ്ഞിരിക്കുന്നത്. ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പെടെ നിരവധി പ്രമുഖരെ കുറിച്ച് ഫയലില്‍ പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
recently released us justice department documents related to the jeffrey epstein case reportedly mention the dalai lama’s name multiple times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."