'ഇനി സത്യത്തിന്റെ സമയം' എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങള്‍ സുതാര്യതയോടെ പുറത്തെത്തിക്കണം; ആവശ്യമുന്നയിച്ച് അതിജീവിതകള്‍, തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ഥന
വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം അവരുടേതായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ലൈംഗിക അതിക്രമത്തിന്റെ ഇരകളുടേത്. ഇനിയും പുറത്തെത്തിയിട്ടില്ലാത്ത സതക്യത്തെ യാതൊരു മറയുമില്ലാതെ ലോകത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അവര്‍ ലോകത്തോട് അപേക്ഷിച്ച നാള്‍. ഞായറാഴ്ച യു.എസില്‍ നടന്ന സൂപ്പര്‍ ബൗള്‍ സണ്‍ഡേ ഇവന്റില്‍ വെച്ചാണ് തങ്ങളുടെ ആവശ്യം അവര്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത്.
തങ്ങളെ പോലെ ആയിരങ്ങള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന എപ്സ്റ്റീന്‍ ഫയലിന്റെ വിവരങ്ങള്‍ സുതാര്യതയോടെ പുറം ലോകത്തെത്തിക്കണമെന്നാണ് അവര്‍ ലോകത്തോട് അപേക്ഷിച്ചത്. വിഡിയോ സന്ദേശത്തിലൂടെയാണ് അതിജീവിതമാര്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. വേള്‍ഡ് വിത്തൗട്ട് എക്‌സ്‌പ്ലോയിറ്റേഷന്‍ എന്ന അഭിഭാഷക സംഘടന പുറത്തിറക്കിയ വീഡിയോയില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അതിജീവിതമാര്‍ യു.എസ് ജനതയോട് അഭ്യര്‍ഥിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തു വിടണമെന്ന് അതിജീവിതമാര്‍ യു.എസ് അറ്റോണി ജനറല്‍ പാം ബോണ്ടിയോടും ആവശ്യപ്പെട്ടു.
#standwithsurvivors എന്ന കാമ്പെയ്നിന്റെ കീഴില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ജിം അക്കോസ്റ്റ പ്രിവ്യൂ ചെയ്ത 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. അതിജീവിതമാര്‍ ഓരോരുത്തരായി വന്ന് സംസാരിക്കുന്നതാണ് പരിപാടിയുടെ വേദിയില്‍ പ്രദര്‍ശിപ്പിച്ച വിഡിയോയില്‍. തങ്ങളുടെ ചെറുപ്പത്തിലെ ഫോട്ടോയുമായാണ് ഇവര്‍ ലോകത്തോട് സംസാരിച്ചത്. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റില്‍ പൊതുജന സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയാണ് നാഷനല്‍ ഫുട്‌ബോള്‍ ലീഗിന്റെ ചാമ്പ്യന്‍ഷിപ്പ് മത്സരവും യു.എസ് ടെലിവിഷനിലെ ഏറ്റവും വലിയ പരിപാടിയുമായ സൂപ്പര്‍ ബൗള്‍ തെരഞ്ഞെടുത്തതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും നേരിട്ട് അഭിസംബോധന ചെയ്യുന്നു. ക്ലിപ്പില്‍, ഒരു അതിജീവിച്ചയാള്‍ പറയുന്നു, 'ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയോട് പറയൂ, സത്യത്തിനുള്ള സമയമായി.' വൈറ്റ് ഹൗസും നീതിന്യായ വകുപ്പും ഈ കാമ്പെയ്നിനെക്കുറിച്ച് പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല.
ഏകദേശം രണ്ട് പതിറ്റാണ്ട് പഴക്കമുള്ളതാണ് പുറത്തു വന്ന ക്രൂരകൃത്യങ്ങളുടെ ചരിത്രം. 2005ല്‍ വന്ന എപ്സ്റ്റീനെതിരെ വന്ന പരാതിയാണ് ഇതിന്റെ തുടക്കം. 14 വയസുകാരിയായ മകള്‍ പാം ബീച്ചില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 35ഓളം കുട്ടികളെ 200ഉം 300 ഡോളര്‍ നല്‍കി മസാജിന് വേണ്ടി എപ്സ്റ്റീന്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയതിന് ഇയാളെ 2008-09 കാലയളവില്‍ ജയിലടച്ചു. 2019 ലൈംഗിക മനുഷ്യക്കടത്തിന് വീണ്ടും അറസ്റ്റിലായ ഇയാള്‍ അതേ വര്‍ഷം ജയിലില്‍ വെച്ച് മരണപ്പെട്ടു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം, എപ്സ്റ്റീന്‍ മരിച്ചിട്ടില്ല എന്ന തരത്തില്‍ അഭ്യൂഹങ്ങളും നില നില്‍ക്കുന്നുണ്ട്.
survivors of the jeffrey epstein sexual abuse case have urged the us government to fully release all remaining epstein files. the demand was made through a video campaign showcased during super bowl sunday, calling for transparency and justice for thousands of victims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."