പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ
കേണിച്ചിറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെ (36) ആണ് കേണിച്ചിറ പോലീസ് പിടികൂടിയത്.
സംഭവം ഇങ്ങനെ
വയനാട് കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി പെൺകുട്ടിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നത്. 2024 മുതൽ പ്രതി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുകയും മോശമായ സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ലൈംഗിക ഉദ്ദേശത്തോടെയാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതെന്ന് പൊലിസ് പറഞ്ഞു.
പെൺകുട്ടിയുടെ സഹോദരിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ പ്രതി, അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ സന്ദേശമയച്ചിരുന്നു.
പൊലിസ് നടപടി
കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. കേണിച്ചിറ പൊലിസ് ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കായംകുളത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എഎസ്ഐ ദിലീപ് കുമാർ, സി.പി.ഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."