തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി
തൃശൂർ: ജില്ലയിൽ ലഹരി വിൽപനക്കാർക്കെതിരെ പൊലിസ് നടപടി ശക്തമാക്കി. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന അരക്കിലോയിലധികം എംഡിഎംഎയുമായി രണ്ടു യുവാക്കളെ മണ്ണുത്തിയിൽ വെച്ചും, സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ ലഹരിയെത്തിച്ച യുവാവിനെ കൈപ്പമംഗലത്ത് വെച്ചും പൊലിസ് പിടികൂടി.
മണ്ണുത്തിയിൽ 15 ലക്ഷത്തിന്റെ ലഹരിവേട്ട
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് മണ്ണുത്തി മുടിക്കോട് വെച്ച് പിടിയിലായത്.കുന്നംകുളം സ്വദേശികളായ അക്ഷയ് (24), റെവിൻസ് (24) എന്നിവരാണ് അറസ്റ്റിലായത്.ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (DANSAF) പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ തടഞ്ഞുനിർത്തി ലഹരി പിടികൂടിയത്.
പിടിച്ചെടുത്ത അരക്കിലോ എംഡിഎംഎയ്ക്ക് വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ വില വരും. കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിതരണം ചെയ്യുന്നവരാണിവർ.
കുട്ടികളെ ലക്ഷ്യമിട്ട ലഹരി വിൽപനക്കാരൻ പിടിയിൽ
കൈപ്പമംഗലത്ത് സ്കൂൾ കുട്ടികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊടുങ്ങല്ലൂർ ചൂലൂർ സ്വദേശി മുഹമ്മദ് ജാസിം (27) പിടിയിലായത്.സ്കൂൾ കുട്ടികൾക്ക് ലഹരി നൽകുന്നതിനാൽ പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.റൂറൽ എസ്.പി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് ഇയാളെ വലയിലാക്കിയത്.പിടിക്കപ്പെട്ട ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഈ സംഘങ്ങളുമായി ബന്ധമുള്ള മറ്റുള്ളവരെക്കുറിച്ചും പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."