ഓട്ടോ ഡ്രൈവറിൽ നിന്ന് 'മുരാരി തന്ത്രി'യിലേക്ക്; പീഡനക്കേസിൽ സോഷ്യൽ മീഡിയ താരം പിടിയിൽ
കൊല്ലം: ബാധയൊഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ ജ്യോത്സ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബു (54) പിടിയിലായി. വെണ്ടാറിലെ 'മുരാരി ജ്യോതിഷാലയം' നടത്തിപ്പുകാരനായ ഇയാളെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് അതീവ രഹസ്യമായാണ് പുത്തൂർ പൊലിസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
ശനിയാഴ്ചയാണ് ബാധയൊഴിപ്പിക്കലിനായി പെൺകുട്ടിയും അമ്മയും വെണ്ടാറിലെ ജ്യോതിഷാലയത്തിൽ എത്തിയത്.പൂജകൾക്കായി പെൺകുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിക്കുകയും അമ്മയെ പുറത്തിരുത്തുകയും ചെയ്തു. ഇതിനിടെ പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പൊലിസിൽ പരാതി നൽകി. സംഭവത്തിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോയി.പുത്തൂർ സി.ഐയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പ്രതി ഭരണിക്കാവിലെ ലോഡ്ജിലുണ്ടെന്ന് കണ്ടെത്തി.പൊലിസ് വളഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
റീൽസ് താരം, ആഡംബര ജീവിതം
സാധാരണ ഓട്ടോ ഡ്രൈവറായിരുന്ന രാജൻ ബാബു ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ സമ്പന്നനായ ജ്യോത്സ്യനായി മാറിയത്.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പാട്ടും ഡാൻസുമായി സജീവമായിരുന്നു മുരാരി തന്ത്രി. നൂറുകണക്കിന് റീൽസുകളിലൂടെയാണ് ഇയാൾ ആരാധകരെയും ഇടപാടുകാരെയും ആകർഷിച്ചിരുന്നത്.
ആഡംബര കാറുകളും വലിയ വീടുമായി ആർഭാട ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇയാളുടെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയിൽ നാട്ടുകാർക്കും ദുരൂഹതയുണ്ട്.പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. ഇയാൾ സമാനമായ രീതിയിൽ മുൻപ് ആരെങ്കിലും ശല്യം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."