ലോക്‌സഭാ സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയത്തിന് നീക്കം; എം.പിമാരുടെ ഒപ്പു ശേഖരണം ആരംഭിച്ചു
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓംബിർലക്കെതിരേ അവിശ്വാസ പ്രമേയ നോട്ടിസ് നൽകുന്നതിനുള്ള നീക്കവുമായി ഇൻഡ്യാ സഖ്യം. ഇതിനായി എം.പിമാരുടെ ഒപ്പു ശേഖരണം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, പ്രതിപക്ഷ അംഗങ്ങളോട് പക്ഷപാതപരമായി പെരുമാറുക, പ്രതിഷേധക്കാരെ ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്യുക തുടങ്ങിയ സ്പീക്കറുടെ നടപടികൾ ചൂണ്ടിക്കാട്ടിയാണിത്. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ നിരയിലെ വനിതാ എം.പിമാർക്കെതിരേ സ്പീക്കർ അസത്യം പ്രചരിപ്പിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഓം ബിർളക്കെതിരായ ചില ആരോപണങ്ങൾ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ ചർച്ച ചെയ്തതായും ഇക്കാര്യം അവിശ്വാസ പ്രമേയത്തിൽ ഉൾപ്പെടുത്തുമെന്നും ഇൻഡ്യാ സഖ്യം വൃത്തങ്ങൾ പറഞ്ഞു. ഇന്നലെയും ലോക്‌സഭയിൽ രാഹുൽ ഗാന്ധിയെ സ്പീക്കർ സംസാരിക്കാൻ അനുവദിച്ചില്ല. ശശി തരൂരിനെ സ്പീക്കർ രണ്ടുതവണ സംസാരിക്കാൻ ക്ഷണിച്ചെങ്കിലും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. രാഹുലിന് സംസാരിക്കാൻ അനുമതി നൽകാതിരുന്നതോടെ പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തി. തുടർന്ന് ലോക്‌സഭ ഇന്നലെ പലവട്ടം നിർത്തുകയും പിന്നാലെ ഇന്ന് വീണ്ടും ചേരാൻ പിരിയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."