തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്; ഡി.എം.കെയിൽ സീറ്റ് വിഭജന ചർച്ച വേഗത്തിലാക്കണമെന്ന് കോൺഗ്രസ്
ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡി.എം.കെ സഖ്യത്തിലെ സീറ്റുവിഭജന ചർച്ച വേഗത്തിലാക്കണമെന്ന് കോൺഗ്രസ്. സീറ്റ് വിഭജനത്തിനായി സമിതി രൂപീകരിക്കുമെന്ന ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ പ്രഖ്യാപനത്തിന് ശേഷവും തുടർ നടപടികൾ വൈകുന്നതിൽ പി.സി.സി നേതൃത്വം അതൃപ്തിയിലാണ്.
സീറ്റ് വിഭജനം, മന്ത്രിസഭയിലെ പങ്കാളിത്തം എന്നിവ സംബന്ധിച്ച് ചർച്ച വേണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും ഡി.എം.കെയെ അറിയിച്ചിരുന്നു. തുടർ ചർച്ചകൾക്കായി എ.ഐ.സി.സി ചുമതലയുള്ള ഗിരീഷ് ചോദാങ്കറെ പാർട്ടി ഹൈക്കമാൻഡ് നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, എല്ലാ ജില്ലകളിലും ഡി.എം.കെ പാർട്ടി നേതൃയോഗങ്ങൾ, വിവിധ സ്ഥലങ്ങളിലെ മേഖലാ യോഗങ്ങൾ എന്നിവ നടക്കുന്നതിനാൽ ഘടകകക്ഷികളുമായുള്ള ചർച്ചകൾ വൈകുകയാണ്.
അതേസമയം, എ.ഐ.സി.സി ഇൻചാർജ് ഗിരീഷ് ചോദാങ്കറുമായി ഡി.എം.കെ നേതൃത്വത്തിനുള്ള അഭിപ്രായഭിന്നത ചർച്ചകളെ ബാധിക്കുന്നതായി വിവരമുണ്ട്. സ്റ്റാലിനുമായി പാർട്ടിയെ പ്രതിനിധീകരിച്ച് ചർച്ച നടത്താൻ ഗിരീഷ് ചോദാങ്കർ അനുമതി തേടിയെങ്കിലും തീരുമാനം നീളുന്നത് ഡി.എം.കെ നേതൃത്വത്തിനുള്ള അതൃപ്തി കാരണമാണെന്ന് സൂചനയുണ്ട്.
എ.ഐ.സി.സി നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കളെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തട്ടെ എന്ന നിലപാടിലാണ് ഡി.എം.കെ. എന്നാൽ, ഗിരീഷ് ചോദാങ്കർക്കാണ് തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ സംഘടനാ ചുമതലയുള്ളതെന്നും അദ്ദേഹവുമായാണ് ചർച്ച നടത്തേണ്ടതെന്നുമാണ് പി.സി.സി നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രി സ്റ്റാലിന്റെ ഔദ്യോഗിക തിരക്കുകൾ കാരണമാണ് ചർച്ച വൈകുന്നതെന്നാണ് ഡി.എം.കെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."