ആർ.ജെ.ഡി യോഗത്തിൽ മുന്നണി വിടണമെന്ന് ആവശ്യം; രാജി സന്നദ്ധത അറിയിച്ച് ശ്രേയാംസ് കുമാർ
കോഴിക്കോട്: ആർ.ജെ.ഡി സംസ്ഥാന നേതൃയോഗത്തിലെ മുന്നണി മാറ്റത്തെ കുറിച്ചുള്ള തർക്കത്തിനിടെ രാജി സന്നദ്ധത അറിയിച്ച് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ. യോഗത്തിൽ ചില ജില്ലാ കമ്മിറ്റികൾ എൽ.ഡി.എഫ് വിടണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് തർക്കം ഉണ്ടായത്. ഐക്യം ഇല്ലാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടാണെന്ന് ശ്രേയാംസ് കുമാർ യോഗത്തെ അറിയിച്ചു. അവഗണന തുടർന്ന് മുന്നണിയിൽ തുടരാനാകില്ലെന്ന് ജില്ലാ കമ്മിറ്റികൾ കടുത്ത നിലപാടെടുത്തു.
എന്നാൽ മുന്നണി മാറ്റത്തെ പാർട്ടിയുടെ ഏക എം.എൽ.എ കെ.പി മോഹനൻ ഉൾപ്പെടെയുള്ളവർ എതിർത്തു. ഇതോടെയാണ് തർക്കം രൂക്ഷമായത്. കോഴിക്കോട്ടെ തോൽവി ചൂണ്ടിക്കാട്ടിയാണ് മുന്നണി വിടണമെന്ന ആവശ്യം ഒരുവിഭാഗം ഉന്നയിച്ചത്. പാർട്ടിക്കുള്ളിൽ നിന്നുതന്നെ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ശ്രേയാംസ് കുമാർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. മുതിർന്ന നേതാക്കളായ ഡോ. വറുഗീസ് ജോർജ്, എ. നീലലോഹിതദാസൻ നാടാർ, വി. കുഞ്ഞാലി, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, എം.കെ ഭാസ്‌കരൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."