ഡിജിറ്റൽ അറസ്റ്റ്: വലിയ തുക പിൻവലിക്കുമ്പോൾ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ബാങ്കുകളോട് സുപ്രിംകോടതി
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽപ്പെടുന്നവർ വലിയ തുകയുടെ ഇടപാട് നടത്തുംമുമ്പ് അവർക്കു തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വികസിപ്പിക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്ന് സുപ്രിംകോടതി.
10,000 അല്ലെങ്കിൽ 20,000 രൂപ വരെ മാത്രം പിൻവലിക്കുന്ന ഒരു വ്യക്തി പെട്ടെന്ന് 25 ലക്ഷം അല്ലെങ്കിൽ 50 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ, ബാങ്കുകൾ ഒരു അലർട്ട് നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡിജിറ്റൽ അറസ്റ്റ് സംബന്ധിച്ച കേസുകൾ പരിഗണിക്കുകയായിരുന്നു കോടതി.റിസർവ് ബാങ്ക് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാർഗരേഖ തയാറാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇടപാടുകളിൽ ഡെബിറ്റ് ഹോൾഡുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. മാർഗരേഖ ഔപചാരികമായി അംഗീകരിക്കാനും രാജ്യത്തുടനീളം നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കാനും കോടതി ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചു. സൈബർ തട്ടിപ്പുകൾ തടയുന്നതിൽ ബാങ്കുകൾ സജീവമായ പങ്ക് വഹിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കോടിക്കണക്കിന് ഇടപാടുകളുള്ള ഒരു ബിസിനസ് സ്ഥാപനമാണ് വലിയ തുക കൈമാറുന്നതെങ്കിൽ അത് സംശയം ജനിപ്പിക്കണമെന്നില്ല. എന്നാൽ ഒരു പെൻഷൻകാരൻ തന്റെ അക്കൗണ്ടിൽനിന്ന് സാധാരണ പിൻവലിക്കുന്ന തുകയ്ക്ക് പകരം 50 ലക്ഷം, 70 ലക്ഷം, ഒരു കോടി രൂപ പിൻവലിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ അത് തട്ടിപ്പിന് വിധേയമായല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ റിസർവ് ബാങ്കിനും സംവിധാനം കൊണ്ടുവരാം. ബാങ്കുകൾ ബിസിനസ് സ്ഥാപനങ്ങളായി മാറിയതിനാൽ മനപ്പൂർവമോ അല്ലാതെയോ തട്ടിപ്പിലൂടെയുള്ള പണം വേഗത്തിലും തടസമില്ലാതെയും കൈമാറ്റം ചെയ്യാൻ സൗകര്യമൊരുക്കുന്നുവെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ 52,000 കോടിയിലധികം രൂപയുടെ തട്ടിപ്പുണ്ടായതായി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. ഈ തുക പല സംസ്ഥാനങ്ങളുടെയും ബജറ്റിനേക്കാൾ കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."