ഉൽപാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; നെൽകർഷകർക്ക് കനത്ത തിരിച്ചടിയാകും
ആലപ്പുഴ: നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കിയാൽ കർഷകരെ സാരമായി ബാധിക്കും. നെൽകൃഷിക്ക് പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകാനാണ് കേന്ദ്ര നിർദേശം. തീരുമാനം നടപ്പാക്കിയാൽ നെൽക്കർഷകർക്ക് കിലോയ്ക്ക് ആറുരൂപയിലേറെ കുറയുമെന്നതിനാൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
നെല്ലുസംഭരണത്തിന് കേന്ദ്രം നൽകുന്നത് 23.69 രൂപയാണ്. 6.31 രൂപയാണ് കേരളം നൽകുന്ന അധിക പ്രോത്സാഹന ബോണസ്.
നവംബർ ഒന്നുമുതൽ 23.69 രൂപ കേന്ദ്ര സബ്സിഡിയും സംസ്ഥാന സർക്കാരിന്റെ ഉൽപാദന ബോണസ് 6.31രൂപയും കയറ്റിറക്ക് കൂലി 12 പൈസയും ഉൾപ്പെടെ കിലോയ്ക്ക് 30.12 രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഒരുസീസണിൽ രണ്ടുവില വന്നതോടെ നിരക്ക് ഉയർത്തി ഏകീകരിക്കുകയായിരുന്നു.
ഉൽപാദന ബോണസ് നിർത്തലാക്കിയാൽ ഇത് 23.81രൂപയായി കുറയും. കുട്ടനാട്ടിൽ മാത്രം രണ്ട് സീസണുകളിലായി കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചതിന് 2023-24ൽ വിതരണം ചെയ്ത 453.84 കോടിയിൽ 102.07 കോടിയും 2024-25ൽ 416.63 കോടിയിൽ 76.49 കോടിയും ഉൽപാദന ബോണസാണ്. നെല്ലുൽപാദനത്തിന്റെ മൂന്നിലൊന്ന് കുട്ടനാട്ടിൽനിന്നാണ്. ചെലവ് കൂടുതലായി വരുന്ന ഈ മേഖലയിൽ ഗരുതര പ്രതിസന്ധിയാകും. നിലമൊരുക്കുന്നതിന് രണ്ടുതവണ വെള്ളം കയറ്റിയിറക്കണം. വൈദ്യുതി നിരക്കിലടക്കം സർക്കാർ സഹായിക്കുമ്പോഴും കൂലി ഉൾപ്പെടെ ചെലവുകൾ കർഷകർ കണ്ടെത്തണം. 1,225 രൂപയായിരുന്ന ഫാക്ടംഫോസ് വളത്തിന് 250 രൂപയാണ് ഒറ്റയടിക്ക് കേന്ദ്രം വർധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."