'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം
ടി-20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അരങ്ങേറ്റക്കാരായ ഇറ്റലിക്കെതിരെ 73 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു സ്കോട്ലാൻഡ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ട സ്കോട്ലാൻഡ് രണ്ടാം മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇറ്റലി 15.4 ഓവറിൽ 134 റൺസിന് പുറത്തായി.
മത്സരത്തിൽ അവസാന ഓവറുകളിൽ സ്കോട്ലാൻഡിനായി തകർത്തടിച്ച മൈക്കൽ ലീസ്ക്കിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. അഞ്ച് പന്തിൽ 22 നേടിയാണ് താരം സ്കോട്ലാൻഡിന്റെ സ്കോർ 200 കടത്തിയത്. 440.0 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ രണ്ട് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ടി-20 ലോകകപ്പിൽ ഒരു മത്സരത്തിൽ കുറഞ്ഞത് 20 റൺസ് നേടിയ താരങ്ങളിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ആണ് മൈക്കലിന്റേത്.
ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്, മുൻ വെസ്റ്റ് ഇൻഡീസ് താരം ഡെയ്ൻ സ്മിത്ത് എന്നിവരെ മറികടന്നാണ് സ്കോട്ലാൻഡ് താരം മുന്നേറിയത്. 2007 ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഏഴ് പന്തിൽ 414.28 സ്ട്രൈക്ക് റേറ്റിൽ 29 റൺസ് ആയിരുന്നു സ്മിത്ത് നേടിയിരുന്നത്. യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരെ 362.5 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു ബാറ്റ് വീശിയത്. സ്റ്റുവർട്ട് ബ്രോഡിനെ ആറ് പന്തിൽ ആറ് സിക്സ് നേടിയ മത്സരം കൂടിയായിരുന്നു ഇത്. 16 പന്തിൽ 58 റൺസായിരുന്നു താരം നേടിയിരുന്നത്.
അതേസമയം മത്സരത്തിൽ സ്കോട്ലാൻഡിനായി ജോർജ് മുൻസി 54 പന്തിൽ 84 റൺസ് നേടി മിന്നും പ്രകടനം പുറത്തെടുത്തു. 13 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ബ്രാൻഡൻ മക്മുള്ളൻ 18 പന്തിൽ നാല് സിക്സുകൾ അടക്കം 41 റൺസും സ്വന്തമാക്കി. ബൗളിങ്ങിലും ലീസ്‌ക്ക് മിന്നും പ്രകടനമാണ് നടത്തിയത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാർക്ക് വാട്ട് രണ്ട് വിക്കറ്റും നേടി.
Scotland registered a huge 73-run win over debutants Italy in the T20 World Cup yesterday. Michael Leask's performance in the final overs was the highlight of the match. The player scored 22 off five balls to take Scotland past 200. The player's performance included two fours and two sixes at an incredible strike rate of 440.0. Michael's strike rate is the best among players who have scored at least 20 runs in a match in the T20 World Cup. The Scottish player advanced by surpassing Indian legend Yuvraj Singh and former Best Indies player Dane Smith.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."