ജലനിധി പദ്ധതിക്കായി റോഡ് പൊളിക്കല്‍ തുടരുന്നു
മാള: ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് പൊളിക്കല്‍ തുടരുന്നു. മൂന്ന് മാസം മുന്‍പ് പണിത റോഡടക്കമാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വെട്ടി പൊളിക്കുന്നത്. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗമായ എരവത്തൂര്‍ കൊച്ചുകടവ് റോഡില്‍ കഴിഞ്ഞ ദിവസമാണ് മാസങ്ങളായി നിത്യേന നൂറ്കണക്കിന് ലിറ്റര്‍ ജലം പാഴായി കൊണ്ടിരിക്കുന്ന പൈപ്പ് ശരിയാക്കാനായി റോഡ് പൊളിച്ചത്. ജലനിധി പദ്ധതിയുടെ ഭാഗമായി ഇവിടെ സ്ഥാപിച്ച വാല്വിലൂടെയായിരുന്നു ആഴ്ചയിലൊരിക്കലോ രണ്ട്ദിവസമായോ വെള്ളം വരുന്ന ദിവസങ്ങളില്‍ വെള്ളം പാഴായി ഒഴുകി കൊണ്ടിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് കൊണ്ടിരുന്നത്. ഇത് ശരിയാക്കാനായാണ് ബി.എം.ബി.സി ടാറിങ് നടത്തിയ റോഡ് പണിത് മാസങ്ങള്‍ മാത്രമായപ്പോള്‍ പൊളിച്ചത്. പാറപ്പുറത്തിനും കൊച്ചുകടവിനുമിടയില് മൂന്നിടത്ത് ഇത്തരത്തില്‍ റോഡ് പൊളിച്ചിട്ടുണ്ട്.
കൊച്ചുകടവ് മുതല്‍ റോഡിന്റെ രണ്ടാം ഘട്ട ടാറിങിന് മുന്‍പായി ജലനിധി പദ്ധതിയുടെ പണി തീര്‍ക്കാനായി ഒരു മാസത്തിലധികം സമയം കൊടുത്തിരുന്നതാണ്. ടാറിങ് കഴിഞ്ഞ ശേഷം റോഡ് പൊളിക്കാതിരിക്കാനാണ് ഇത്തരത്തില്‍ സമയം കൊടുത്തിരുന്നത്. എന്നാല്‍ അന്ന് പണികളെല്ലാം തീര്ക്കാതെയാണിപ്പോള് റോഡ് പൊളിച്ച് പണിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."