ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് ആറ് വയസ്സുകാരിക്ക് പരിക്ക്; അമിതവേഗതയെന്ന് പരാതി, ഡ്രൈവർ അറിഞ്ഞില്ല
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി തെറിച്ചുവീണു. കൊയിലാണ്ടി കോതമംഗലം ജി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ആരാധ്യയ്ക്കാണ് (6) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുറുവങ്ങാട് സെൻട്രൽ യു.പി സ്‌കൂളിന് സമീപമായിരുന്നു അപകടം.
അപകടം ഉണ്ടായത് ഇങ്ങനെ:
സ്‌കൂളിൽ നിന്ന് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോയുടെ പിൻസീറ്റിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എന്നാൽ കുട്ടി വീണ വിവരം ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം ഓടിച്ചുപോയി. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ഉടൻ തന്നെ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.
അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടി തെറിച്ചുവീണ ഉടൻ റോഡിൽ നിന്ന് സ്വയം എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കുട്ടിയുടെ കൈകാലുകൾക്ക് സാരമായ പരിക്കുണ്ട്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഡ്രൈവർക്കെതിരെ പരാതി
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ ഓട്ടോറിക്ഷാ ഡ്രൈവറുടെ അശ്രദ്ധയ്ക്കും അമിതവേഗതയ്ക്കുമെതിരെ കൊയിലാണ്ടി പൊലിസിൽ പരാതി നൽകി. സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾ പാലിക്കേണ്ട മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ പോലും ലംഘിച്ചാണ് ഡ്രൈവർ വാഹനം ഓടിച്ചതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."