യുഎഇയിൽ ഇനി 6G വിപ്ലവം; മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് 'ഡു' സിഇഒ; ചരിത്രനേട്ടത്തിൽ കമ്പനി
ദുബൈ: ലോകത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ അതിവേഗം നടപ്പിലാക്കുന്ന യുഎഇ, അടുത്ത തലമുറ ഇന്റർനെറ്റ് സേവനമായ 6G-യിലേക്ക് മാറുന്നു. മൂന്ന് വർഷത്തിനുള്ളിൽ യുഎഇയിൽ 6G വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുമെന്ന് എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (du) സിഇഒ ഫഹദ് അൽ ഹസാവി വ്യക്തമാക്കി. നിലവിൽ ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങളും അടിസ്ഥാന സൗകര്യ വികസനവും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
മുമ്പ് 5G അവതരിപ്പിച്ചതിന് സമാനമായി 6G-യുടെയും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും പരീക്ഷണാടിസ്ഥാനത്തിലുള്ള വിന്യാസങ്ങളിലും കമ്പനി സജീവമായി പങ്കുചേരുന്നുണ്ട്. യുഎഇയിലെ നെറ്റ്‌വർക്ക് ഗുണനിലവാരം ആഗോള നിലവാരത്തിൽ തന്നെ നിലനിർത്താൻ ഡു പ്രതിജ്ഞാബദ്ധമാണെന്നും, വിപണിയിലെ എല്ലാ മേഖലകൾക്കും അനുയോജ്യമായ സാങ്കേതിക അടിത്തറ തങ്ങൾ ഒരുക്കുന്നുണ്ടെന്നും ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 2025 മാർച്ചിൽ നോക്കിയയുമായി ചേർന്ന് 6G ഗവേഷണങ്ങൾക്കായി പ്രത്യേക ധാരണാപത്രത്തിൽ കമ്പനി ഒപ്പുവെച്ചിരുന്നു. പ്രത്യേക ടീമുകൾ രൂപീകരിച്ച് ഫീൽഡ് ട്രയലുകളും പ്രൂഫ്-ഓഫ്-കൺസെപ്റ്റ് ഡെമോൺസ്ട്രേഷനുകളും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 6G സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. 2025-ൽ ഡുവിന്റെ അറ്റാദായം 17 ശതമാനം വർധിച്ച് 2.9 ബില്യൺ ദിർഹമായി ഉയർന്നു. വരുമാനത്തിൽ 8.7 ശതമാനം വളർച്ച രേഖപ്പെടുത്തി 15.9 ബില്യൺ ദിർഹത്തിലെത്തിയിരുന്നു. കമ്പനിയുടെ മികച്ച പ്രവർത്തന പ്രകടനവും വരിക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
ചരിത്രനേട്ടത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്ക് പ്രതിവർഷം ആകെ 64 ഫിൽസ് എന്ന നിരക്കിൽ റെക്കോർഡ് ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. യുഎഇയിലെ ജനസംഖ്യാ വളർച്ചയും ഡിജിറ്റലൈസേഷനും വരും വർഷങ്ങളിലും കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. 2026-ലും ലാഭത്തിൽ ഇതേ സ്ഥിരത നിലനിർത്താൻ കഴിയുമെന്ന പ്രത്യാശയും ഫഹദ് അൽ ഹസാവി പ്രകടിപ്പിച്ചു. മൊബൈൽ, ഫിക്സഡ് ഡിവൈസ് മേഖലകളിലെ പ്രീമിയം ഉപഭോക്താക്കളുടെയും വലിയ സംരംഭങ്ങളുടെയും പങ്കാളിത്തം വരും വർഷങ്ങളിൽ വരുമാനം വീണ്ടും വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
the uae is set for a 6g revolution as du’s ceo announces plans to roll out ultra-fast internet within the next three years, marking a historic milestone for the company.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."