കാറിനുള്ളിലെ ദുരൂഹമരണം; പണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, ഒടുവിൽ ലഡുവിൽ വിഷം നൽകി കവർച്ച; പ്രതി കുടുങ്ങിയത് ഇങ്ങനെ
ഡൽഹി: പീരാഗഡി ഫ്ലൈഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂർവ്വം വിളിച്ചുവരുത്തി ലഡുവിൽ വിഷം കലർത്തി നൽകി കൊല്ലുകയായിരുന്നു. സംഭവത്തിൽ ഗാസിയാബാദ് സ്വദേശിയായ കമറുദ്ദീൻ (72) എന്നയാളെയാണ് പൊലിസ് പിടികൂടിയത്.സംഭവത്തിൽ കൊല്ലപ്പെട്ടത് രൺധീർ സിംഗ് (76),ശിവനരേഷ് (47),ലക്ഷ്മി (40) എന്നിവരാണ്.
കൊലപാതക രീതിയും അന്വേഷണവും:
ഈ മാസം എട്ടാം തീയതിയാണ് ഫ്ലൈഓവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചത്. ശരീരത്തിൽ പരിക്കുകളില്ലാത്തതിനാൽ കൂട്ട ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങളിലും പ്രതിയായ കമറുദ്ദീനെ തിരിച്ചറിഞ്ഞു.
മന്ത്രവാദ ക്രിയകൾക്കിടെ പണം ഇരട്ടിപ്പിക്കാൻ എന്ന പേരിൽ പ്രതി മൂവർക്കും വിഷം കലർത്തിയ ലഡു നൽകുകയായിരുന്നു. ലഡു കഴിച്ചതോടെ ഇവർ ബോധരഹിതരായി മരിച്ചു.ഇവർ കൊല്ലപ്പെട്ടുവെന്ന് ഉറപ്പായതോടെ കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപ കവർന്ന് പ്രതി കടന്നുകളയുകയായിരുന്നു.മുൻപും സമാനമായ രീതിയിൽ പലരെയും ഇയാൾ പറ്റിച്ചിട്ടുള്ളതായും ഉത്തർപ്രദേശിലെ ഒരു മരണവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.ലക്ഷ്മി വഴിയാണ് മരിച്ച മറ്റു രണ്ടുപേരും ഈ വ്യാജ സിദ്ധനെ പരിചയപ്പെട്ടത് എന്നാണ് സൂചന. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."