യുഎഇയിൽ സ്കൂൾ ബസ് യാത്രയ്ക്ക് സമയപരിധി നിശ്ചയിച്ചു; കുട്ടികളുടെ യാത്രാക്ലേശത്തിന് അറുതിയാകുന്നു
അബുദബി: യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാസമയം കുറയ്ക്കുന്നതിനായി വിപ്ലവകരമായ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബസുകളിൽ കുട്ടികൾ മണിക്കൂറുകളോളം ചിലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ കർശനമായ സമയപരിധി നിശ്ചയിച്ചതായി വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി ഫെഡറൽ നാഷണൽ കൗൺസിലിൽ (FNC) പ്രഖ്യാപിച്ചു.
രക്ഷിതാക്കളുടെ നിരന്തരമായ പരാതികളെത്തുടർന്ന് എഫ്എൻസി അംഗം നാമ അബ്ദുല്ല അൽ ഷർഹാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളുടെ പ്രായം കണക്കിലെടുത്ത് യാത്രയ്ക്ക് രണ്ട് തരം നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കിന്റർഗാർട്ടൻ (KG) വിദ്യാർത്ഥികൾ: പരമാവധി യാത്രാസമയം 45 മിനിറ്റ്.
മറ്റ് വിദ്യാർത്ഥികൾ: പരമാവധി യാത്രാസമയം 60 മിനിറ്റ്.
ചില കുട്ടികൾ ദിവസം രണ്ട് മണിക്കൂറിലേറെ ബസ്സുകളിൽ ഇരിക്കേണ്ടി വരുന്നുണ്ടെന്നും ഇത് അവരുടെ ശാരീരികക്ഷമതയെയും പഠനത്തെയും ബാധിക്കുന്നുണ്ടെന്നുമുള്ള ആശങ്കകൾ പരിഗണിച്ചാണ് ഈ നടപടി.
നിലവിലെ അധ്യയന വർഷത്തിലെ ആദ്യ ടേമിൽ തന്നെ ഈ സമയപരിധി പാലിക്കുന്നതിൽ 98.5 ശതമാനം വിജയം കൈവരിച്ചതായി മന്ത്രി വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരി യാത്രാസമയത്തിൽ 50 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
യാത്രാസമയത്തിലെ കൃത്യത ഉറപ്പാക്കാനും പരാതികൾ പരിഹരിക്കാനുമായി മന്ത്രാലയത്തിന് കീഴിൽ ഒരു പ്രത്യേക 'ട്രാൻസ്‌പോർട്ട് ക്വാളിറ്റി യൂണിറ്റ്' രൂപീകരിച്ചിട്ടുണ്ട്. ഈ യൂണിറ്റ് ദിവസേനയുള്ള ബസ് റൂട്ടുകൾ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യും.
ബസ് റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിൽ ചില പ്രവർത്തനപരമായ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾ കുട്ടികളുടെ സ്കൂൾ ട്രാൻസ്‌പോർട്ട് രജിസ്ട്രേഷൻ വൈകിപ്പിക്കുന്നത് റൂട്ടുകൾ കൃത്യമായി ക്രമീകരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. റോഡപകടങ്ങൾ, കനത്ത ട്രാഫിക്, മോശം കാലാവസ്ഥ എന്നിവ കാരണം അപൂർവ്വമായി സമയപരിധിയിൽ മാറ്റങ്ങൾ വന്നേക്കാമെന്നും മന്ത്രി സമ്മതിച്ചു.
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സ്കൂൾ ഗതാഗത സംവിധാനങ്ങളിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു.
the uae has introduced a maximum time limit for school bus journeys to reduce travel stress for students. the new regulation aims to improve safety, comfort and overall well-being of children across schools.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."