ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയത് 2 ദിവസം മുൻപ്; കോഴിക്കോട് വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലായിരുന്ന വിദ്യാർത്ഥി നാട്ടിലെത്തി രണ്ടാം ദിവസം വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിൽ വെച്ചായിരുന്നു അപകടം.
അപകടം സംഭവിച്ചത് ഇങ്ങനെ:
ഫെബ്രുവരി 11ന് രാവിലെ 8.30 ഓടെ കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.അശ്വിൻ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലൂടെ തെറിച്ചുപോയ അശ്വിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഉള്ള്യേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാടിന് നൊമ്പരമായി മടക്കം:
രണ്ട് ദിവസം മുൻപാണ് അശ്വിൻ ഓസ്‌ട്രേലിയയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയത്. പ്രിയപ്പെട്ടവരെ കാണാൻ എത്തിയ അശ്വിന്റെ അപ്രതീക്ഷിത മടക്കം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.ചാത്തൻകോട്ട് നട എ.ജെ.ജെ.എം.എച്ച്.എസിലെ അധ്യാപകനായ രാജന്റെയും (റിട്ട. അധ്യാപകൻ, എം.ജെ വി.എച്ച്.എസ്.എസ്, വില്യാപ്പള്ളി) ബിനിതയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."