തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ
തിരുവല്ല: കേരളത്തെ നടുക്കിയ തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിലെ മുഴുവൻ പ്രതികളെയും പൊലിസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ, സജിൻ എന്നിവർ ഇന്ന് തിരുവല്ല പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളും അറസ്റ്റിലായി. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെ കഴിഞ്ഞ ദിവസം റാന്നിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു.മരണ സുബിൻ,ബെർലിൻ ദാസ്,വരുൺ കുമാർ,പ്രശോഭ് (വൊക്കൻ),കിരൺ,സജിൻ എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രധാന വിവരങ്ങൾ:
സ്പാ ഉടമയോ ജീവനക്കാരോ ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്നാണ് കാപ്പ പ്രതിയായ മരണ സുബിനും സംഘവും യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണോ ഇതെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.പീഡനത്തിന് സ്പായിലെ മറ്റൊരു ജീവനക്കാരി ഒത്താശ ചെയ്തുകൊടുത്തതായി അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ഈ യുവതിയെയും ആൺസുഹൃത്തിനെയും കേസിൽ പ്രതിചേർക്കാനാണ് പൊലിസ് നീക്കം.
കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് സുബിൻ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. ഈ കേസിൽ ജാമ്യം ലഭിച്ചാലുടൻ സുബിനെതിരെ വീണ്ടും കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ജില്ലാ കളക്ടർക്ക് എസ്.പി ശുപാർശ നൽകി.സ്പാ കേന്ദ്രങ്ങളിൽ നിന്ന് മാസപ്പടി വാങ്ങുന്നതായും ഗുണ്ടകളുമായി ബന്ധമുള്ളതായും തിരുവല്ല സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതിയിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."