റമദാനില്‍ ഓഫറുകളുടെ പെരുമഴയുമായി യൂനിയന്‍ കോപ്പ്; 3,000 ഉല്‍പന്നങ്ങള്‍ക്ക് 60% വരെ കിഴിവ് | UAE Ramadan Updates
ദുബൈ: യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ യൂണിയന്‍ കോപ്പ് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും വിപണി സ്ഥിരത നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള റമദാന്‍ കാംപയിന്‍ ആരംഭിച്ചു. അരി, എണ്ണ, മാവ്, പഞ്ചസാര, കോഴി, മുട്ട, ഈത്തപ്പഴം, ഫ്രഷ്, ഫ്രോസണ്‍ ഇനങ്ങള്‍ എന്നിവയുള്‍പ്പെടെ 3,000ത്തിലധികം ഭക്ഷ്യ, ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ക്ക് യൂണിയന്‍ കോപ്പിന്റെ എല്ലാ ശാഖകളിലും, ഓണ്‍ലൈന്‍ സ്റ്റോറിലും, 'തമയ്യസ്' ആപ്പിലും 60% വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.
റമദാന്‍ മുഴുവന്‍ സ്ഥിരത ഉറപ്പാക്കാന്‍ 160ലധികം അവശ്യ വസ്തുക്കളുടെ വിലകള്‍ മരവിപ്പിച്ചതായും സാമ്പത്തിക മന്ത്രാലയം, മാധ്യമ പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അല്‍ വര്‍ഖ സിറ്റി മാളിലെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.ഇ.ഒ മുഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച 'കുടുംബ വര്‍ഷം' (Family Year) എന്ന സംരംഭത്തിന്റെ ഭാഗമാണ് ഈ കാംപയിനെന്നും, റമദാനില്‍ ജീവിതച്ചെലവ് ലഘൂകരിക്കാനുള്ള ദേശീയ ശ്രമങ്ങളുമായി ഇത് യോജിക്കുന്നുവെന്നും അല്‍ ഹാഷിമി പറഞ്ഞു.
പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന 6,000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ യൂണിയന്‍ കോപ്പ് നിലവില്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, മൂന്ന് വര്‍ഷം മുന്‍പാരംഭിച്ച വില കുറയ്ക്കല്‍സ്ഥിരതാ സംരംഭം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉല്‍പ്പന്ന പട്ടികകള്‍ ആവശ്യകതയെ അടിസ്ഥാനമാക്കി പ്രതിമാസം അവലോകനം ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണത്തിന്റെ പാഴാക്കല്‍ കുറയ്ക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി തുടര്‍ച്ചയായ എട്ടാം വര്‍ഷവും യൂണിയന്‍ കോപ്പ് 'നിങ്ങളുടെ ഇഫ്താര്‍, അവരുടെ സുഹൂര്‍' സംരംഭം തുടരും. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായുള്ള രക്തദാന കാംപയിനുകളും റമദാന്‍ ഫുഡ് ബോക്‌സ് വിതരണത്തെ പിന്തുണയ്ക്കുന്ന ക്യു.ആര്‍ കോഡുകള്‍ വഴി 'തറാഹും' പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ചാരിറ്റി സംഭാവനകളും മറ്റു ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.
2026 മാര്‍ച്ച് 23 വരെ നീണ്ടുനില്‍ക്കുന്ന 'നിങ്ങളുടെ മേശയില്‍ കൂടുതല്‍ റമദാന്‍ അനുഗ്രഹങ്ങള്‍' കാംപയിനിന് കീഴില്‍ 150 ദിര്‍ഹം ചെലവഴിച്ച് തമയ്യസ് അക്കൗണ്ട് സ്‌കാന്‍ ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നുള്ള 10 വിജയികള്‍ക്ക് 1,000 ദിര്‍ഹം വീതവും, രണ്ട് ജെറ്റൂര്‍ വാഹനങ്ങള്‍ നല്‍കുന്ന പ്രതിമാസ നറുക്കെടുപ്പുകളും ഉണ്ടാകും.
ഈ മാസം13 മുതല്‍ 15 വരെ ആപ്പ്എക്‌സ്‌ക്ലൂസിവ് ഓഫറുകള്‍, ഇന്ററാക്ടിവ് ഡിജിറ്റല്‍ ഫീച്ചറുകള്‍, സ്റ്റോറുകളില്‍ പാചക സെഷനുകള്‍, ഇഫ്താര്‍ സമയത്ത് ഈത്തപ്പഴത്തിന്റെയും വെള്ളത്തിന്റെയും വിതരണം എന്നിവയുണ്ടാകും.
Summary: Union Coop held a press conference at its headquarters in Al Warqa City Mall in the presence of its CEO, Mr. Mohamed Al Hashemi, representatives from the Ministry of Economy, media, and department leaders, where it unveiled its Ramadan strategy aimed at supporting families and maintaining market stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."