വന്ദേഭാരതിൽ തിരക്കില്ല; രണ്ട് സർവീസുകൾ നിർത്തലാക്കി റെയിൽവേ; പകരം പുതിയ റൂട്ടിൽ കുതിക്കും!
ഗാന്ധിനഗർ: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് ഉദയ്പൂരിൽ നിന്നുള്ള രണ്ട് വന്ദേഭാരത് ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഉദയ്പൂർ - ജയ്പൂർ, ഉദയ്പൂർ - ആഗ്ര എന്നീ റൂട്ടുകളിലെ സർവീസുകളാണ് നിർത്തുന്നത്. അതേസമയം, യാത്രക്കാർക്ക് ആശ്വാസമായി ഗുജറാത്തിനെ ബന്ധിപ്പിക്കുന്ന പുതിയൊരു റൂട്ടിൽ വന്ദേഭാരത് ഉടൻ ഓടിത്തുടങ്ങും.
നിർത്തലാക്കുന്ന സർവീസുകൾ:
- ഉദയ്പൂർ സിറ്റി – ജയ്പൂർ (20979/80): ഈ സർവീസ് ഫെബ്രുവരി 14, 2026 മുതൽ ഉണ്ടാകില്ല.
- ഉദയ്പൂർ സിറ്റി – ആഗ്ര കാന്റ് (20981/82): ഈ സർവീസ് ഫെബ്രുവരി 15, 2026 മുതൽ നിർത്തലാക്കും.
നിലവിൽ രാജ്യത്ത് ഓടുന്ന പല വന്ദേഭാരത് ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കേരളത്തിലെ സർവീസുകൾ 200 ശതമാനത്തോളം ഒക്യുപ്പൻസിയുമായി മുന്നേറുമ്പോഴാണ് ഉത്തരേന്ത്യയിലെ ഈ രണ്ട് റൂട്ടുകളിൽ തിരിച്ചടി നേരിട്ടിരിക്കുന്നത്.
പുതിയ റൂട്ടും സമയക്രമവും:
നിർത്തലാക്കിയ സർവീസുകൾക്ക് പകരമായി ഉദയ്പൂരിൽ നിന്ന് അഹമ്മദാബാദിലെ അസർവയിലേക്ക് പുതിയ സർവീസ് റെയിൽവേ പ്രഖ്യാപിച്ചു.
- റൂട്ട്: ഉദയ്പൂർ സിറ്റി - അസർവ (അഹമ്മദാബാദ്)
- ആരംഭിക്കുന്നത്: ഫെബ്രുവരി 16, 2026.
ദിവസങ്ങൾ: ആഴ്ചയിൽ ആറ് ദിവസം (ചൊവ്വാഴ്ച ഒഴികെ).
സമയക്രമം:
ട്രെയിൻ നമ്പർ 26963: രാവിലെ 06:10-ന് ഉദയ്പൂരിൽ നിന്ന് പുറപ്പെട്ട് 10:25-ന് അസർവയിൽ എത്തും.
ട്രെയിൻ നമ്പർ 26964: വൈകിട്ട് 05:45-ന് അസർവയിൽ നിന്ന് പുറപ്പെട്ട് രാത്രി 10:00-ന് ഉദയ്പൂരിൽ തിരിച്ചെത്തും.
സ്റ്റോപ്പുകൾ: സവാർ, ഡുങ്ങർപൂർ, ഹിമ്മത് നഗർ.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ രാജസ്ഥാനും ഗുജറാത്തും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും. പുതിയ റൂട്ടിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."