ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്ത്; മുൻ നായകൻ സ്മിത്ത് ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലേക്ക്
കൊളംബോ:ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മിനിറ്റുകൾക്ക് മുമ്പ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്തായി. അയർലൻഡിനെതിരായ പോരാട്ടത്തിന് തൊട്ടുമുമ്പാണ് മാർഷിന്റെ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇതോടെ വെറ്ററൻ താരം സ്റ്റീവൻ സ്മിത്തിനെ കവർ ടീമിലേക്ക് ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ (CA) തീരുമാനിച്ചു.
മാർഷിന്റെ പരിക്ക് ഗുരുതരം:
പരിശീലനത്തിനിടെ ഇടുപ്പിന് പരിക്കേറ്റ മാർഷിന് ആന്തരികമായി രക്തസ്രാവം (Testicular hemorrhage) ഉണ്ടായതായി സ്കാനിംഗിൽ കണ്ടെത്തി.
"തുടർച്ചയായ വേദനയും അസ്വസ്ഥതയും കാരണം അദ്ദേഹത്തിന് സ്വതന്ത്രമായി ചലിക്കാൻ കഴിയുന്നില്ല. വിദഗ്ധ ചികിത്സയും വിശ്രമവും ആവശ്യമായതിനാൽ മടങ്ങിവരവ് വൈദ്യോപദേശത്തിന് ശേഷം മാത്രമായിരിക്കും," എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു.
സ്മിത്തിന്റെ ഗംഭീര തിരിച്ചുവരവ്:
2024 ഫെബ്രുവരിക്ക് ശേഷം ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന സ്മിത്തിന് ബിഗ് ബാഷ് ലീഗിലെ (BBL) തകർപ്പൻ പ്രകടനമാണ് തുണയായത്.സിഡ്നി സിക്സേഴ്സിനായി കളിച്ച സ്മിത്ത് 6 ഇന്നിംഗ്സുകളിൽ നിന്ന് 59.80 ശരാശരിയിൽ 299 റൺസ് അടിച്ചുകൂട്ടിയിരുന്നു.167.97 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സ്മിത്തിനെ ടീമിലേക്ക് പാരച്യൂട്ട് ചെയ്യാൻ സലക്ഷൻ കമ്മിറ്റിയെ പ്രേരിപ്പിച്ചു.
പരിക്കിൽ വലഞ്ഞ് ഓസീസ് പട:
ടൂർണമെന്റ് തുടങ്ങും മുമ്പേ പരിക്കുകൾ ഓസ്‌ട്രേലിയയെ വലയ്ക്കുകയാണ്. മിച്ചൽ മാർഷിന് പുറമെ പ്രധാന താരങ്ങളായ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരും ആദ്യ ഇലവനിലില്ല. ടിം ഡേവിഡ് പരിക്കേറ്റ് സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. നിലവിൽ 12 കളിക്കാരെ മാത്രമാണ് ആദ്യ മത്സരത്തിനായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."