വ്യാജപ്പരാതിയിൽ 47 ദിവസം തടവ്; 226 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ അമേരിക്കൻ പൊലിസിനും പ്രോസിക്യൂഷനുമെതിരെ കേസിൽ
അറ്റ്‌ലാന്റ:വേദനാസംഹാരി വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോയ ഇന്ത്യൻ വംശജനായ എൻജിനീയർ മഹേന്ദ്ര പട്ടേലിന് (57) നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും വലിയ ക്രൂരത. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വ്യാജാരോപണത്തിൽ 47 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന അദ്ദേഹം, തനിക്കുണ്ടായ മാനഹാനിക്കും മാനസിക വിഷമത്തിനും പകരമായി 25 ദശലക്ഷം ഡോളർ (ഏകദേശം 226 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
അക്വർത്ത് പൊലിസിനും പ്രോസിക്യൂട്ടർമാർക്കും കുറ്റം ആരോപിച്ച കരോലിൻ മില്ലർ എന്ന യുവതിക്കുമെതിരെയാണ് മഹേന്ദ്ര പട്ടേൽ ഫെഡറൽ സിവിൽ റൈറ്റ്‌സ് ഹർജി ഫയൽ ചെയ്തത്.
സംഭവം ഇങ്ങനെ:
2025 മാർച്ച് 18-ന് ജോർജിയയിലെ ഒരു വാൾമാർട്ട് സ്റ്റോറിൽ വെച്ചാണ് സംഭവം. തന്റെ അമ്മയ്ക്കായി വേദനാസംഹാരിയായ ടൈലനോൾ (Tylenol) വാങ്ങാനാണ് അദ്ദേഹം അവിടെ എത്തിയത്.മോട്ടോർ ഘടിപ്പിച്ച ഷോപ്പിംഗ് ട്രോളിയിൽ ഇരിക്കുകയായിരുന്ന കരോലിൻ മില്ലർ എന്ന യുവതിയുടെ രണ്ട് വയസ്സുള്ള മകൻ താഴേക്ക് വീഴാൻ പോയപ്പോൾ മഹേന്ദ്ര പട്ടേൽ കുട്ടിയെ താങ്ങി നിർത്തി. എന്നാൽ അദ്ദേഹം കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന് യുവതി പൊലിസിൽ പരാതി നൽകി.പരാതിയെത്തുടർന്ന് പട്ടേലിനെ തോക്കിൻമുനയിൽ പൊലിസ് അറസ്റ്റ് ചെയ്തു. ആറാഴ്ചയോളം ജാമ്യം ലഭിക്കാതെ അദ്ദേഹത്തിന് കോബ് കൗണ്ടി ജയിലിൽ കഴിയേണ്ടി വന്നു.
രക്ഷയായത് സിസിടിവി ദൃശ്യങ്ങൾ:
യുവതി ആരോപിച്ചത് പോലെ ഒരു പിടിച്ചുപറിയോ ബലപ്രയോഗമോ അവിടെ നടന്നില്ലെന്ന് വാൾമാർട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യക്തമായി.കുട്ടി വീഴാൻ പോയപ്പോൾ പട്ടേൽ സഹായിക്കുന്നതും പിന്നീട് ശാന്തനായി നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.യുവതിയും പട്ടേലും തമ്മിൽ തർക്കം നടന്നില്ലെന്ന് മാത്രമല്ല, പട്ടേൽ മരുന്നുമായി മടങ്ങുമ്പോൾ യുവതി അദ്ദേഹത്തിന് 'തംസ് അപ്പ്' (Thumbs-up) നൽകുന്നതും വീഡിയോയിൽ കണ്ടു.ഈ ദൃശ്യങ്ങൾ തെളിവായി കോടതിയിൽ എത്തിയതോടെ 2025 ഓഗസ്റ്റിൽ അദ്ദേഹം കുറ്റവിമുക്തനായി.
"ജീവിതത്തിലെ ഏറ്റവും വലിയ തലവേദന"
"ടൈലനോൾ വാങ്ങാൻ പോയ എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ തലവേദനയാണ്" എന്നാണ് ജയിൽ മോചിതനായ ശേഷം പട്ടേൽ പ്രതികരിച്ചത്. തെറ്റുകാരനല്ലെന്ന് തെളിയിക്കുന്ന വീഡിയോ കൈവശമുണ്ടായിട്ടും അത് പരിശോധിക്കാതെ തന്നെ ജയിലിലടച്ച പൊലിസിനും പ്രോസിക്യൂട്ടർമാർക്കും എതിരെ കൃത്യമായ നടപടി വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."