എ.ടി.എമ്മില്‍ പണം ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: തുടര്‍ച്ചയായ ബാങ്ക് അവധിമൂലം എ.ടി.എമ്മില്‍ പണം ഇല്ലാതെ വരുമോയെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രശ്‌നത്തില്‍ ഇടപെട്ട സര്‍ക്കാര്‍ ഇതു സംബന്ധിച്ച് സംസ്ഥാനതല ബാങ്കര്‍മാരുടെ സമിതിയുമായി ചര്‍ച്ച നടത്തി. എ.ടി.എം മെഷീനുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകളിലേയും കണ്‍ട്രോളിംഗ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇന്നലെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ.ടി.എം മെഷീനുളില്‍ പണം ലഭ്യമല്ലാതായി തുടങ്ങിയതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാനമായും ചെറുപട്ടണങ്ങളിലേയും ഗ്രാമീണമേഖലയിലെയും എ.ടി.എമ്മുകളാണ് കാലിയായത്. ഓണം-ബക്രീദ് ആഘോഷങ്ങള്‍ക്കായി കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആള്‍ക്കാര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് എ.ടി.എമ്മുകള്‍ കാലിയായത്.
രണ്ടാംശനിയാഴ്ച അടച്ച ബാങ്കുകള്‍ ഇനി ബക്രീദും ഓണാവധികളും കഴിഞ്ഞ് വ്യാഴ്ഴ്ച മാത്രമേ തുറക്കൂ. എന്നാല്‍ എ.ടി.എമ്മുകളില്‍ പണം നിറയ്‌ക്കേണ്ട ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കാണെന്നും ബാങ്കുകള്‍ അവധിയായാലും എ.ടി.എമ്മില്‍ പണം നിറയ്ക്കുവാന്‍ വേണ്ട നിര്‍ദ്ദേശം ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ബാങ്കുകള്‍ വിശദീകരിക്കുന്നത്.
ഇന്നലെ രണ്ടാം ശനിയാഴ്ചയും ഇന്ന് ഞായറാഴ്ചയും, തിങ്കളാഴ്ച ബലിപെരുന്നാളും ചൊവ്വാഴ്ച ഒന്നാം ഓണവും, ബുധനാഴ്ച തിരുവോണവും, വ്യാഴാഴ്ച ശ്രീനാരായണ ഗുരു ജയന്തിയും, വെള്ളിയാഴ്ച നാലാം ഓണവും, ശനിയാഴ്ച നിര്‍ബന്ധിത അവധി ദിനവുമാണ്.
ഏഴു ദിവസമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത്.
15നും 17നും മാത്രമാണു പ്രവൃത്തിദിനം. ഈ ദിവസങ്ങളില്‍ ജീവനക്കാര്‍ അവധി എടുക്കാനുള്ള സാധ്യതയുമുണ്ട്. പ്രാദേശികമായ ഉത്സവങ്ങളെത്തുടര്‍ന്നുള്ള അവധികളായതിനാല്‍ കേരളത്തില്‍ മാത്രമേ ബാങ്കുകള്‍ അടഞ്ഞു കിടക്കൂ. 12, 13, തിയതികളില്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കണമെന്ന് ഔട്ട് സോഴ്‌സിങ് ഏജന്‍സികള്‍ക്കു ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."