1.32 കോടി സ്ത്രീകള്‍ക്ക് 5,000 രൂപ; തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്റെ 'സര്‍പ്രൈസ് ഗിഫ്റ്റ്'
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി സ്റ്റാലിന്റെ 'സര്‍പ്രൈസ് ഗിഫ്റ്റ്'. സംസ്ഥാനത്തെ 1.32 കോടി സ്ത്രീകള്‍ക്ക് 5,000 രൂപ തെരഞ്ഞെടുപ്പിന് മുമ്പായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സ്ത്രീകള്‍ക്കായി വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. 1.32 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സ്ത്രീകള്‍ക്കുള്ള ധനസഹായത്തിന്റെ ഫെബ്രുവരി ഗഡുവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്കുളള മുന്‍കൂര്‍ പണവും 2,000 രൂപ പ്രത്യേക ധനസഹായവുമാണ് സ്റ്റാലിന്‍ അനുവദിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന് 2,000 ആക്കി ഉയര്‍ത്തുമെന്നും സ്റ്റാലിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള മാതൃകാ പെരുമാറ്റച്ചട്ടവും ചൂണ്ടിക്കാട്ടി അടുത്ത കുറച്ച് മാസത്തേക്ക് പ്രതിമാസ സഹായം വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് സ്റ്രാലിന്‍ ആരോപിച്ചു. അതിനാലാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പണം ക്രെഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലൈഞ്ജര്‍ മഗിലര്‍ ഉറിമായി തിട്ടം എന്ന പേരിലാണ് സ്ത്രീകള്‍ക്കുള്ള ധനസഹായം നല്‍കുന്നത്. 2023 സെപ്തംബര്‍ 15നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തമിഴ്‌നാട്ടില്‍ രണ്ടാമതും അധികാരത്തിലെത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്ക് 10,000 രൂപ നല്‍കി അധികാരം പിടിച്ച നിതീഷ് കുമാര്‍ മാജിക്കാണ് സ്റ്റാലിന്‍ തമിഴ്‌നാട്ടിലും പരീക്ഷിക്കാനൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനവിരുദ്ധ വികാരത്തില്‍ ഉലഞ്ഞിരുന്ന എന്‍.ഡി.എ സര്‍ക്കാറിനെ രക്ഷിച്ചെടുത്തത് സ്ത്രീകള്‍ക്ക് സഹായം പ്രഖ്യാപിച്ചുള്ള മുഖ്യമന്ത്രിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു. ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് വലിയിരുത്തലുകളും പുറത്ത് വന്നിരുന്നു.
ഇക്കുറി എ.ഐ.എ.ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് പുറമേ തമിഴ് സിനിമ താരം വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെയും തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ട്.
തമിഴ്നാട്ടില്‍ അലയടിക്കുന്നത് ഭരണവിരുദ്ധ വികാരമല്ല ഭരണാനുകൂല വികാരം- സ്റ്റാലിന്‍
ചെന്നൈ: തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരമല്ല ഭരണാനുകൂല വികാരമാണ് അലയടിക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ഡി.എം.കെ സര്‍ക്കാര്‍ തുടരണമെന്ന ആഗ്രഹമുള്ളവരാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളും ദ്രാവിഡ മോഡല്‍ വികസനവും നടപ്പാക്കുന്ന സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ ഡി.എം.കെ ബൂത്തുതല ഭാരവാഹികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങളാണ് ഡി.എം.കെ സര്‍ക്കാരിന്റെ മികവ്. അടിസ്ഥാന സൗകര്യ മേഖലയുണ്ടാക്കിയ വിപ്ലവകരമായ മാറ്റം ജനങ്ങളുടെ പിന്തുണ ഇരട്ടിയാക്കി. തെരഞ്ഞെടുപ്പില്‍ മത്സരം തമിഴ്നാടും ഡല്‍ഹിയും തമ്മിലാണ്. ദ്രാവിഡ മോഡല്‍ ഭരണത്തെ തകര്‍ക്കാനായി ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെ രാഷ്ട്രീയവുമായാണ് ചിലര്‍ വരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
ahead of the upcoming elections, tamil nadu chief minister m k stalin has announced rs 5,000 financial assistance for 1.32 crore women, calling it a special welfare measure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."