ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി തള്ളി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. തന്നെ പ്രതി ചേര്‍ത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹരജി സമര്‍പ്പിച്ചത്. നേരത്തെ ഹരജിയില്‍ വാദം കേട്ട ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇന്നു വിധി പറയുകയായിരുന്നു.
തനിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് പങ്കജ് ഭണ്ഡാരിയുടെ വാദം. തന്റെ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വര്‍ണ്ണം സ്വമേധയാ കൈമാറിയതാണെന്നും, അറസ്റ്റിന് മുന്‍പ് ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസില്‍ ഇദ്ദേഹത്തിന് മുഖ്യപങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി പുറത്തു വരുന്നതോടെ കേസിലെ ദുരൂഹതകള്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ശബരിമലയിലെ ശ്രീകോവിലില്‍ നിന്നും ദ്വാരപാലക ശില്പങ്ങളില്‍ നിന്നും സ്വര്‍ണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനകളുമായി പ്രത്യേക അന്വേഷണ സംഘം (SIT) മുന്നോട്ട്. എസ്പി ശശീധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് തങ്ങിക്കൊണ്ടാണ് സാമ്പിള്‍ ശേഖരണം നടത്തുന്നത്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെ ഇന്നലെ ആരംഭിച്ച പരിശോധന ഇന്നും തുടരുന്നു.
ശ്രീകോവിലിന് പിന്‍ഭാഗത്തെ തൂണുകളിലെ സ്വര്‍ണ്ണപ്പാളികളാണ് ആദ്യഘട്ടത്തില്‍ ഇളക്കിയെടുത്തത്. തുടര്‍ന്ന് ദ്വാരപാലക ശില്പങ്ങളിലെ പാളികളും പരിശോധനയ്ക്കായി മാറ്റി. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും.നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ്, കാലപ്പഴക്കം, പാളികളിലെ സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും പരിശോധനയില്‍ പങ്കാളികളാണ്.ഈ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
In a setback to Smart Creations CEO Pankaj Bhandari, the Kerala High Court dismissed his plea seeking to quash the FIR registered against him in the Sabarimala gold theft case. The verdict was delivered by Justice A. Badrudeen after hearing arguments in the petition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."