'വിദ്വേഷത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല' മുഹമ്മദ് ദീപക്കിന് നിയമസഹായം ഉറപ്പുനല്‍കി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍
ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലെ കോട്ദ്വാറില്‍ ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് വൃദ്ധനായ മുസ്ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തി ശ്രദ്ധ നേടിയ ദീപക് കുമാറിന് പിന്തുണയുമായി സുപ്രിംകോടതി അഭിഭാഷകരും. 'മുഹമ്മദ് ദീപകി'ന്റെ ജിമ്മില്‍ അംഗത്വമെടുത്താണ് വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെതിരെ ധീരമായി നിലകൊണ്ടതിലുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം അഭിഭാഷകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസ് എം.പിയും നേരത്തെ ജിമ്മില്‍ അംഗത്വമെടുത്തിരുന്നു. നിയമപരമായപിന്തുണയും അഭിഭാഷകര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് കച്ചവടക്കാരനെ രക്ഷിച്ചതിന് പിന്നാലെ തനിക്കെതിരെ നിയമപരമായ വെല്ലുവിളികളുയരുന്നുണ്ടായിന്നു എന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപക് കുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്റെ വരുമാന മാര്‍ഗമായ ജിമ്മില്‍ എത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ആളുകള്‍ക്ക് ജിമ്മിലേക്ക് വരാന്‍ ഭയമാണെന്നും ദീപക് കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസിസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
'ആളുകള്‍ക്ക് ഭയമാണ്, എനിക്കത് മനസിലാകും. എന്റെ ജിം ഈ കെട്ടിടത്തിന്റെ മുഴുവന്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 40,000 രൂപ വാടക അടക്കണം. ഞങ്ങളുടെ കുടുംബത്തിന് ഈയൊരു വരുമാനം മാത്രമേയുള്ളൂ. അടുത്തിടെയാണ് വീട് പണിതത്. 16,000 രൂപയുടെ പ്രതിമാസ വായ്പ ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്'. ദീപക് അഭിമുഖത്തില്‍ പറഞ്ഞു.
ജനുവരി 26നായിരുന്നു സംഭവം. 70 വയസുള്ള ഒരു മുസ്‌ലിം കടയുടമക്കെതിരെ അതിക്രമവുമായി വന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. വകീല്‍ അഹമ്മദ് എന്നയാളുടെ കടയുടെ പേരില്‍ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തുണ്ടായിരുന്നു ദീപക് ഇതില്‍ ഇടപെട്ടു. അതിക്രമം തടയുന്നതിനിടെ, പേര് ചോദിച്ചപ്പോള്‍, മുഹമ്മദ് ദീപക് ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ സംഭവം നടന്ന ശേഷം തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിടുകയായിരുന്നു ദീപക്.
ദീപകിനെതിരെ ഭീഷണിയുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തി. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്തി വരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ദീപകിനെതിരെ ഹിന്ദുത്വ ശക്തികള്‍ ശക്തമായ പ്രതിഷേധ ക്യാംപയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ജനുവരി 31ന് നിരവധി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദീപകിനെ കയ്യേറ്റം ചെയ്യാനായി തുനിഞ്ഞിറങ്ങിയെങ്കിലും പൊലിസ് ഇടപെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ അധിക്ഷേപങ്ങളാണ് ദീപകിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.
ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കും ദീപക്കിനുമെതിരെ ഉത്തരാഖണ്ഡ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതിഷേധങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും പിന്നാലെ ദീപക്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രംഗത്ത് വന്നു. സാമ്പത്തിക സഹായം നല്‍കുന്നതിനായി ദീപകിന്റെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശമിട്ടത്. ഇപ്പോഴിതാ ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ 10,000 രൂപയുടെ മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തിരിക്കുന്നു. സി.പി.എമ്മിന്റെ ജോണ്‍ ബ്രിട്ടാസ് എംപി ദീപകിന്റെ ജിം സന്ദര്‍ശിച്ച് മെമ്പര്‍ഷിപ്പെടുത്തതിന്റെ വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് അഭിഭാഷകരുടെ നീക്കം.
senior advocates of the supreme court have extended support to muhammad deepak by taking membership at his gym and assuring legal assistance, stating that he is not alone in the fight against hate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."