നരവാനെയുടെ ആത്മകഥയില്‍ കുരുങ്ങി കേന്ദ്രം; മുന്‍കൂര്‍ അനുമതി, ലംഘനത്തിന് കര്‍ശന നടപടി...സൈനികരുടെ പുസ്തക രചനക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ, സേവനത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും ബാധകം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കടുത്ത വെളിപ്പെടുത്തലുകളുള്ള മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, സൈനികരുടെ പുസ്തക രചനയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സേവനത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും പുസ്തകങ്ങള്‍ എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.
നിലവില്‍ സേവനത്തിലുള്ള സൈനികര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടെങ്കിലും വിരമിച്ചവര്‍ക്ക് പുസ്തകങ്ങള്‍ എഴുതുന്നതിന് ഏകീകൃതമായ നിയമം നിലവിലില്ല. പുതിയ സാഹചര്യത്തില്‍ വിരമിച്ച ഉദ്യോഗസ്ഥരും തങ്ങളുടെ അനുഭവങ്ങള്‍ പുസ്തകമാക്കുന്നതിന് മുന്‍പ് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടി വരും. സൈനിക നീക്കങ്ങള്‍, തന്ത്രപ്രധാനമായ വിവരങ്ങള്‍, ആയുധശേഷി തുടങ്ങിയ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും.
വിരമിച്ച ശേഷവും സൈനിക ഉദ്യോഗസ്ഥര്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പദവികളില്‍ ഇരുന്നവര്‍ക്ക് രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളില്‍ അറിവുണ്ടാകും. ഇവ പരസ്യപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.
നരവാനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' (വിധിയുടെ നാല് നക്ഷത്രങ്ങള്‍) എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ചോരുകയും അത് പാര്‍ലമെന്റിനകത്തും പുറത്തും വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരിക്കെയാണ് പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം. നരവാനെയുടെ പുസ്തകം ചോര്‍ന്ന സംഭവത്തില്‍ ഡല്‍ഹി പൊലിസിന്റെ സ്പെഷല്‍ സെല്‍ അന്വേഷണം നടത്തിവരികയാണ്.
amid controversy over former army chief general m m naravane’s memoir, the central government is considering stricter guidelines requiring prior approval for serving and retired military personnel before publishing books.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."