റാസൽഖോറിൽ തീപിടുത്തം: മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി സിവിൽ ഡിഫൻസ്; റോബോട്ടുകളെ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി
ദുബൈ: റാസൽഖോറിലെ വെയർഹൗസിലുണ്ടായ തീപിടുത്തം അതിവേഗം നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ്. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ റോബോട്ടുകളുടെയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ ധീരമായ ഇടപെടലിലൂടെ ഒരു മണിക്കൂറിനുള്ളിൽ തീ അണയ്ക്കാൻ സാധിച്ചു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.23-നാണ് റാസൽഖോറിലെ ഒരു വെയർഹൗസിൽ തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിന് വിവരം ലഭിക്കുന്നത്. സന്ദേശം ലഭിച്ച ഉടൻ തന്നെ നാദ് അൽ ഷെബ ഫയർ സ്റ്റേഷനിൽ നിന്നുള്ള ആദ്യ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. റിപ്പോർട്ട് ലഭിച്ച് വെറും നാല് മിനിറ്റിനുള്ളിൽ, അതായത് 1.26-ന് തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഗ്നിശമന സേനാംഗങ്ങൾക്കൊപ്പം അത്യാധുനിക റോബോട്ടുകളെയും വിന്യസിച്ചായിരുന്നു സിവിൽ ഡിഫൻസിന്റെ പ്രവർത്തനം. മിതമായ രീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. സേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. ഉച്ചയ്ക്ക് 2.28-ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായും തുടർന്ന് തണുപ്പിക്കൽ നടപടികൾ (Cooling operations) ആരംഭിച്ചതായും ഫീൽഡ് കമാൻഡർ അറിയിച്ചു.
അൽ മനാമ സ്ട്രീറ്റിലൂടെ യാത്ര ചെയ്തവർ കിലോമീറ്ററുകൾ അകലെ നിന്ന് തന്നെ ആകാശത്തേക്ക് കറുത്ത പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വലിയ ശബ്ദത്തോടെ അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തേക്ക് കുതിച്ചെത്തിയതായും പ്രദേശം ഉടൻ തന്നെ സുരക്ഷാ വലയത്തിലാക്കിയതായും ഇവർ വ്യക്തമാക്കി. തണുപ്പിക്കൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥലം കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.
a fire erupted in ras al khor, dubai, prompting swift response from civil defence teams. advanced firefighting robots were deployed, helping authorities bring the blaze under control within an hour without major injuries reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."