കഞ്ചിക്കോട് ലോറിക്കുപിന്നില്‍ ബസിടിച്ച് രണ്ടു പേര് മരിച്ചു
പാലക്കാട്: ദേശീയപാതയില്‍ കഞ്ചിക്കോട് കെ.എന്‍ പുതൂരില്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് രണ്ടു പേര് മരിച്ചു. ബസ് യാത്രക്കാരാനായ കര്‍ണ്ണാടക ദേവാങ്കരൈ അലേക്കല് ഭീമപ്പയുടെ മകന് ഗിരീഷ്(33), ബസ് ഡ്രൈവര്‍ തിരുവനന്തപുരം പുതുക്കുറുച്ചി സ്വദേശി സുധീര്‍(35) എന്നിവരാണ് മരിച്ചത്. കഞ്ചിക്കോട് അസീസീ സ്കൂളിനു സമീപം ഞായറാഴ്ച പുലര്‍ച്ചെ 3.20നായിരുന്നു അപകടം.
കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നില്‍ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ കെവരി തകര്‍ത്ത് വഴിയരികിലെ വര്‍ക്ക്ഷോപ്പില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. ഇയാളെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നാലുപേര്‍ ബസിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു.
ബസ് ഓടിച്ചിരുന്ന സുധീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഡ്രൈവറായ പത്തനംതിട്ട സ്വദേശി ജിജു മരട്ടുപ്പാറ, യാത്രക്കാരായ കട്ടപ്പന ഡപ്പക്കട സ്വദേശി ജിതിന്, തോമസ് ജോസഫ് എന്നിവരാണ് ബസിനകത്ത് കുടുങ്ങിയത്. ഇവരെ അഗ്നിശമനസേനയെത്തി ഹൈഡ്രോളിക്ക് കട്ടര്‍ കൊണ്ട് ബസിന്റെ ഭാഗം മുറിച്ച് പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാലു പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുധീര്‍ മരണപ്പെട്ടു.
ബസ്സില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ബസ്സിന്റെ മുന്‍വശത്തെ ചില്ലു തകര്‍ത്താണ് ബാക്കി യാത്രക്കാരെ പുറത്തെടുത്തത്. ഇവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."