യുദ്ധഭീതി പടര്‍ത്തി വീണ്ടും ട്രംപ്; പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ കൂടി; ആശങ്കയില്‍ ഗള്‍ഫ് മേഖല
വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ തര്‍ക്കം മുറുകുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ കൂടി അയക്കാന്‍ തീരുമാനിച്ച് വീണ്ടും യുദ്ധഭീതി പടര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് (USS Gerald R Ford) കരീബിയന്‍ തീരത്തുനിന്ന് ഉടന്‍ പുറപ്പെടുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ് പുറമെയാണിത്.
ഒമാന്‍ കേന്ദ്രീകരിച്ച് നടന്ന പരോക്ഷ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം. 'ആവശ്യമെങ്കില്‍ നേരിടാന്‍ വന്‍ സൈനിക സന്നാഹം അവിടെ സജ്ജമായിരിക്കും. ചര്‍ച്ചകള്‍ വിജയകരമാകുമെന്നാണ് വിശ്വാസം. എന്നാല്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അത് ഇറാന്റെ കരിയറിലെ കറുത്ത ദിനമായിരിക്കും- വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് ഭീഷണി മുഴക്കി. ഇറാനില്‍ ഭരണമാറ്റം ഉണ്ടാകുന്നതാണ് ഏറ്റവും നല്ല കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെ ഇസ്‌റാഈലും അമേരിക്കയും നടത്തിയ 'മിഡ്‌നൈറ്റ് ഹാമര്‍' എന്ന പേരിലുള്ള ആക്രമണത്തിന് ശേഷം മേഖലയില്‍ കടുത്ത അശാന്തി നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് പുതിയ യുദ്ധക്കപ്പലിന്റെ വിന്യാസം. ഗള്‍ഫ് രാജ്യങ്ങള്‍ ഈ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ മറ്റൊരു പ്രാദേശിക യുദ്ധത്തിന് ഈ നീക്കം കാരണമായേക്കുമെന്ന് അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് യു.എസ് നിലപാട് കടുപ്പിച്ചത്. വെറും ആണവ കരാര്‍ മാത്രമല്ല, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കും നിയന്ത്രണം വേണമെന്നാണ് സയണിസ്റ്റ് രാഷ്ട്രത്തിന്റെ ആവശ്യം. എന്നാല്‍ മിസൈല്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍.
അതേസമയം, രാജ്യത്തിനകത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്നുണ്ടായ കൂട്ടക്കൊലകളുടെ നാല്‍പ്പതാം ദിന ദുഃഖാചരണത്തിലാണ് ഇറാന്‍ ജനത.
Summary: Escalating military pressure on Tehran, President Donald Trump has ordered the deployment of a second aircraft carrier to the Middle East. The USS Gerald R. Ford, the world’s largest warship, will depart from the Caribbean 'very soon' to join the USS Abraham Lincoln already stationed in the region. The move comes amid stalled nuclear negotiations and follows Trump’s recent high-stakes meeting with Israeli Prime Minister Benjamin Netanyahu. Speaking at the White House, Trump warned that while he hopes for a 'successful' deal regarding Iran’s nuclear and ballistic missile programs, failure to reach an agreement would result in a 'very traumatic' outcome for the Islamic Republic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."