In Depth Story: ഷേക്‌സ്പിയര്‍ കൃതികളിലെ മുസ്ലിം സാഹിത്യ സ്വാധീനം: സ്വത്വം പരാമര്‍ശിക്കാപ്പെടാത്ത മുസ്ലിം കഥാപാത്രങ്ങള്‍ ഷേക്‌സ്പിയര്‍ കൃതികളില്‍ ഉള്‍പ്പെട്ടതെങ്ങനെ?
''അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് കഴുകി കളഞ്ഞാലും ഈ ചെറിയ കൈകളിലെ രക്തത്തെ ശുദ്ധീകരിക്കാന്‍ സാധിക്കുകയില്ല'' വിശ്വ വിഖ്യാത സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ മാക്‌ബെത്ത് (Macbeth) എന്ന നാടകത്തില്‍ ഡങ്കന്‍ എന്ന രാജാവിനെ വധിക്കാന്‍ സഹായിച്ചതിന് ശേഷം കുറ്റബോധം സഹിക്കാന്‍ വയ്യാതെ ലേഡി മാക്ബത്ത് ആത്മഗതമെന്ന നിലയില്‍ പറഞ്ഞു വെക്കുന്ന വാക്കുകളാണിത്. അറേബ്യന്‍ ലോകത്തെ സുഗന്ധദ്രവ്യങ്ങളെ കുറിച്ച് രചിച്ച ഷേക്‌സ്പിയര്‍ എന്നാല്‍ ഇതേ അറേബ്യന്‍ ദേശത്തെ ജനങ്ങളെ കുറിച്ച് രചിച്ചപ്പോള്‍ അത്ര സുഗന്ധം പരത്തുന്ന മനുഷ്യരായിട്ടല്ല അവരെ അവതരിപ്പിച്ചത്. യൂറോകേന്ദ്രീകൃതമായ ചിന്തയുടെ സ്വാധീനത്താല്‍ ഷേക്‌സ്പിയര്‍ രചനകളില്‍ പലപ്പോഴും മുസ്ലിം കഥാപാത്രങ്ങള്‍ കാമം, അസൂയ, അക്രമ മനോഭാവം തുടങ്ങി അനേകം പൈശാചിക സ്വഭാവങ്ങള്‍ക്കടിമപ്പെട്ടവരായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. ഒപ്പം മുസ്ലിം കഥാപാത്രങ്ങളുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്താതെയും, അവരുടെ ജീവിത പശ്ചാത്തലത്തെ വേണ്ട വിധം അടയാളപ്പെടുത്താതയും അസ്തിത്വമില്ലാത്ത മനുഷ്യരായിട്ടാണ് മുസ്ലിം കഥാപാത്രങ്ങള്‍ ഷേക്‌സ്പിയര്‍ രചനകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് എതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണെമെങ്കില്‍ ഷേക്‌സ്പിയര്‍ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയത് എവിടെ നിന്നാണെന്ന് കണ്ടെത്തപ്പെടണം. ഒപ്പം ഷേക്‌സ്പിയര്‍ ജീവിച്ച കാലത്തിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തെയും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഷേക്‌സ്പിയര്‍ ജീവിച്ച കാലം:
1564ല്‍ ജനിക്കുന്ന വില്യം ഷേക്‌സ്പിയര്‍ മരണപ്പെടുന്നത് 1616ലാണ്. ഈ കാലഘട്ടം എലിസബത്ത് രാജ്ഞിയായിരുന്നു ബ്രിട്ടന്‍ ഭരിച്ചിരുന്നത്. എലിസബത്തിന്റെ കാലഘട്ടത്തിലാണ് ഇംഗ്ലണ്ട് സാംസ്‌കാരികമായും, രാഷ്ട്രീയമായും വലിയ മുന്നറ്റങ്ങള്‍ കാഴ്ച വെച്ചത്. ഈ കാലഘട്ടത്തില്‍ ഒട്ടോമന്‍ സാമ്രാജ്യമടക്കം അനേകം അധികാര ശക്തികളുമായി ബ്രിട്ടണ്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. മൊറോക്കോ സുല്‍ത്താനായിരുന്ന അഹ്മദ് അല്‍ മന്‍സൂര്‍ ഇംഗ്ലണ്ടില്‍ എംബസി ആരംഭിക്കുന്നതും, അബ്ദുല്‍ ഔഹാദ് ബിന്‍ മസൂദിനെ പ്രതിനിധിയായി നിയോഗിക്കുന്നതും എലിസബത്ത് രാജ്ഞിയുടെ കാലത്താണ്. അതേ സമയം തന്നെ കിഴക്കില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒട്ടോമന്‍ സാമ്രാജ്യത്വത്തെ ഏറെ ഭയത്തോടെയാണ് എലിസബത്തിന്റെ ഇംഗ്ലണ്ട് നോക്കി കണ്ടതും. സമാന്തരമായി വളരുന്ന ഒട്ടോമന്‍ സാമ്രാജിത്വത്തെ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി കണ്ട ബ്രിട്ടണ്‍ കലയിലൂടെയും, സംസ്‌കാരത്തിലൂടെയും ഒട്ടോമന്‍ സാമ്രാജിത്വത്തിനെതിരെ ഇംഗ്ലണ്ടിനകത്ത് വലിയ രീതിയിലുളള വിദ്വേശ പ്രചരണങ്ങള്‍ തന്നെ അഴിച്ച് വിടുന്നുണ്ട്. ഒട്ടോമനെതിരെ ആരംഭിച്ച പ്രസ്തുത വിദ്വേശം ഒട്ടോമന്‍ സാമ്രാജ്യം പ്രതിനിധാനം ചെയ്തിരുന്ന ഇസ്ലാമിലേക്കും നീണ്ടു. ഇതിനോടൊപ്പം തന്നെ കുരിശു യുദ്ധാനന്തരം ക്രൈസ്തവര്‍ക്ക് മുസ്ലിംകളോട് തോന്നിയിരുന്ന വെറുപ്പ് കൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷ് പൊതുബോധം ഇസ്ലാമിനെതിരെ തിരിയുകയും, ഇസ്ലാമിക ലോകത്തെ അക്രമ പരമ്പരകളാല്‍ നിര്‍മ്മിക്കപ്പെട്ട അപരിഷ്‌കൃത ലോകമായി ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ബ്രിട്ടീഷ് പൊതു ബോധത്തിന്റെ ഉത്പന്നമായിരുന്നു ഷേക്‌സ്പിയറടങ്ങുന്ന ആ കാലഘട്ടത്തിലെ ഇംഗ്ലീഷ് എഴുത്തുകാര്‍.
ഷേക്‌സ്പിയറിലെ ഇസ്ലാമികജ്ഞാനം:
കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ഷേക്‌സ്പിയര്‍ ഇസ്ലാമിക ലോകത്തെയും ചരിത്രത്തെയും പ്രധാനമായും മനസ്സിലാക്കുന്നത് വായനയിലൂടെയാണ്. ആ കാലഘട്ടത്തില്‍ ആഫ്രിക്കയിലെയും, ഏഷ്യയിലെയും മുസ്ലിം രാജ്യങ്ങളില്‍ യാത്രകള്‍ നിര്‍വഹിച്ചിരുന്ന യൂറോപ്പ്യന്‍ സഞ്ചാരികള്‍ പുസ്തകം എഴുതുന്ന പതിവുണ്ടായിരുന്നു. ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ച അപരവത്കരണത്തിന്റെ ഭാഗമായും, മുസ്ലിം വിദ്വേശ പൊതു ബോധം നിര്‍മ്മിച്ചെടുക്കുന്നതിനും പ്രോപ്പഗണ്ട സ്വഭാവത്തില്‍ ഇസ്ലാമിനെയും, ഇസ്ലാമിക ലോകത്തെയും മോശമായി ചിത്രീകരിച്ച് കൊണ്ടുളള രചനകളും ഇംഗ്ലണ്ടില്‍ അന്ന് ലഭ്യമായിരുന്നു. ഇത് കൂടാതെ മുസ്ലിം രാജ്യങ്ങളുമായി രൂപപ്പെട്ട നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ എത്തിയ മുസ്ലിംകളില്‍ നിന്ന് നേരിട്ടും ഷേക്‌സ്പിയര്‍ മുസ്ലിം ജീവിതത്തെ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഈയൊരു നേരിട്ടുളള ഇടപെടല്‍ കാരണമാവാം ഒഥെല്ലോയിലും, പ്രിന്‍സ് ഓഫ് മോറോക്കോയിലും (മെര്‍ച്ചന്റ് ഓഫ് വെനീസിലെ കഥാപാത്രം) കുറച്ചെങ്കിലും നന്മ അവശേഷിക്കുന്നത്.
ഷേക്‌സ്പിയര്‍ രചനകളിലെ മുസ്ലിം കഥാപാത്രങ്ങള്‍:
ഷേക്‌സ്പിയര്‍ രചനകളില്‍ പൊതുവെ ഇസ്ലാമിനെ നേരിട്ട് പരാമര്‍ശിക്കുന്ന രീതിയുണ്ടാവാറില്ല. പകരം 'മൂര്‍', 'ടര്‍ക്‌സ്' പോലെയുളള വംശീയ പരാമര്‍ശങ്ങളാണ് നിറഞ്ഞു നില്‍ക്കാറുളളത്. മൂര്‍ എന്ന പദം പൊതുവെ ആഫ്രിക്കയില്‍ നിന്നുളള കറുത്ത വര്‍ഗക്കാരായ മുസ്‌ലിംകളെയാണ് സൂചിപ്പിക്കുന്നത്. ഈ പദം ഒരേ സമയം കറുത്ത വര്‍ഗത്തിന് മേലുളള വെളള വംശീയതയെയും, പാശ്ചാത്യരുടെ ഇസ്‌ലാം വിദ്വേശവും പേറുന്നു. ടര്‍ക് എന്ന പദം ഒട്ടോമന്‍ സാമ്രാജ്യത്തെ അടയാളപ്പെടുത്താന്‍ വേണ്ടി ഉപയോഗിക്കുന്നതാണെങ്കിലും, ആ കാലഘട്ടത്തില്‍ പാശ്ചാത്യര്‍ ആ വചനം ഉപയോഗിച്ചത് പൊതുവെ മുസ്ലിംകളെ പരാമര്‍ശിക്കാന്‍ വേണ്ടിയായിരുന്നു. ഇതില്‍ മൂര്‍ എന്ന പദം ഷേക്‌സ്പിയറടങ്ങുന്ന സാഹിത്യകാരന്മാര്‍ ഉപയോഗിച്ച് വന്നത് വെള്ള വംശീയത വിളമ്പാനും ഇസ്ലാമിനെതിരെ വെറുപ്പ് ഉത്പാദിപ്പിക്കാനുമായിരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം ഒഥെല്ലോ തന്നെയാണ്.
ഒഥെല്ലോവിന്റെ മുസ്ലിം പശ്ചാത്തലം
1603ല്‍ ഷേക്‌സ്പിയര്‍ രചിച്ച ഒഥെല്ലോ എന്ന നാടകം 1604ല്‍ ലണ്ടണിലെ വൈറ്റ്ഹാളിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഒരു ക്ലാസിക്കായി നിലനില്‍ക്കുന്ന ഒഥെല്ലോ മനുഷ്യ മനസ്സുകളിലെ അസൂയ, പ്രണയ ബന്ധങ്ങളിലെ സംശയം, ആര്‍ത്തിയെന്നിവയെ സമാനതകളില്ലാത്ത വിധം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇതിലെ കേന്ദ്ര കഥാപാത്രം ഒഥെല്ലോവിനെ മൂര്‍ എന്നാണ് ഷേക്‌സ്പിയര്‍ വിശേഷിപ്പിക്കുന്നത്. കറുത്ത വര്‍ഗക്കാരനായ ഒഥെല്ലോ വെനീസ് പട്ടാള സൈന്യത്തിലെ ജനറലാണ്. ഒഥെല്ലോ ഡെസ്ഡിമോന എന്ന കഥാപാത്രത്തെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. ഇതില്‍ അസൂയ മൂത്ത ഇയാഗൊ എന്ന കഥാപാത്രം ഒഥെല്ലോവിനോട് നിരന്തരം കസിയൊ എന്ന കഥാപാത്രത്തെയും, ഡെസ്ഡിമോനെയും ചേര്‍ത്ത് നുണകള്‍ പ്രചരിപ്പിക്കുന്നു. നുണകള്‍ വിശ്വസിക്കുന്ന ഒെഥല്ലോ ഭാര്യയെ വധിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്.
കഥാപാത്രങ്ങളിലെ മുസ്ലിം സ്വത്വത്തിലേക്ക് നേരിട്ട് സൂചന നല്‍കാത്ത ഷേക്‌സ്പിയര്‍ ഈ നാടകത്തിലും ഒഥെല്ലോവിന്റെ മുസ്ലിം പശ്ചാത്തലം നേരിട്ട് വെളിപ്പെടുത്തുന്നില്ല. പകരം മൂര്‍ എന്ന അഭിസംബോധനയിലൂടെയാണ് ഒഥെല്ലോവിന്റെ മുസ്ലിം പശ്ചാത്തലം നാടകത്തില്‍ വെളിപ്പെടുത്തുന്നത്. ഇയാഗൊയുടെ ചില പരാമര്‍ശങ്ങളും ചേര്‍ത്താണ് ഒഥെല്ലോയ്ക്ക് മുസ്ലിം പശ്ചാത്തലമുണ്ടായിരുന്നുവെന്ന നിഗമനത്തില്‍ നിരൂപകര്‍ എത്തുന്നത് തന്നെ. ആഫ്രിക്കയില്‍ മുസ്ലിമായി ജനിച്ച ഒഥെല്ലോ പിന്നീട് കൃസ്തീയ ഭരണകൂടത്തിന്റെ അടിമയാവുകയും അവിടെ വെച്ച് കൃസ്തീയ മതം സ്വീകരിക്കുകയായിരുന്നിവെന്നുമാണ് ഭൂരിഭാഗം നിരൂപകരും ചൂണ്ടിക്കാട്ടുന്നത്. നാടകത്തില്‍ പലയിടത്തായി ഒഥെല്ലോ നേരിടുന്ന വംശീയ അധിക്ഷേപങ്ങളില്‍ ഈ വാദത്തെ ശക്തിപ്പെടുത്തുന്ന സൂചനകളുണ്ട് താനും. 'എ ജിയോഗ്രഫിക്കല്‍ ഹിസ്റ്ററി ഓഫ് ആഫ്രിക്ക' എന്ന ആത്മ കഥ രചിച്ച ലിയോ ആഫ്രിക്കാനസിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷേക്‌സ്പിയര്‍ ഒഥെല്ലോവിനെ സൃഷ്ട്ട്ടിച്ചതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ഗ്രാനഡയിലെ മുസ്ലിം കുടുംബത്തില്‍ ജനിച്ച ലിയോ കൃസ്തീയ ഭരണകൂടത്തിന്റെ അടിമയാക്കപ്പെടുകയായിരുന്നു. ശേഷം കൃസ്തു മതം സ്വീകരിക്കുന്ന ലിയോയെ അടിമത്തത്തില്‍ നിന്ന് മോചിപ്പക്കുകയായിരുന്നുവത്രെ. ഇത്തരത്തില്‍ ഇസ്ലാമില്‍ ജനിച്ച് കൃസ്തു മതം സ്വീകരിച്ചിരുന്ന ആളുകളെ അന്ന് ബ്രിട്ടണില്‍ വിളിച്ചിരുന്ന പേരായിരുന്നു 'മൊറിസ്‌കൊ' എന്നത്. ഒഥെല്ലോ മൊറിസ്‌കൊവായിരുന്നുവെന്നാണ് നിരൂപകരില്‍ ചിലരുടെ വാദം.
ആ കാലഘട്ടത്തില്‍ മൂര്‍ വിഭാഗത്തെ രണ്ടാം കിട പൗരന്മരായിട്ടാണ് സാഹിത്യ രചനകളില്‍ പൊതുവെ കാണിച്ചിരുന്നത്. ഷേക്‌സ്പിയര്‍ ഒഥെല്ലോവിനെ ധീരനും, സത്യ സന്ധനുമൊക്കെയായി അടയാളപ്പെടുത്തുന്നുണ്ടെങ്കിലും അയാള്‍ ഒടുവില്‍ ചെയ്യുന്ന അക്രമത്തിന് കാരണമായി ഒഥെല്ലോവിലെ പഴയെ മുസ്ലിം സ്വത്വത്തെ ഷേക്‌സ്പിയര്‍ നേരിട്ടല്ലാത്ത സ്വഭാവത്തില്‍ കുറ്റപ്പെടുത്തുന്നത് കാണാം. മൊറിസ്‌കൊ വിഭാഗത്തില്‍ പെട്ടവര്‍ പഴയെ മുസ്ലിം സ്വത്വത്തിലെ 'വന്യത' ഏത് നേരത്ത് വേണമെങ്കിലും പുറത്തെടുക്കാം എന്ന പൊതുബോധ നിര്‍മ്മിതിയെയും ഷേക്‌സ്പിയര്‍ ഒഥെല്ലോവില്‍ ശക്തിപ്പെടുത്തുന്നുണ്ട്. 'മെര്‍ച്ചന്റ് ഓഫ് വെനീസ്' എന്ന നാടകത്തില്‍ മറ്റൊരു മുസ്ലിം കഥാപാത്രത്തെ ഷേക്‌സ്പിയര്‍ ഉള്‍പ്പെടുത്തുന്നുണ്ടിങ്കിലും പേര് പരാമര്‍ശിക്കാതെ 'പ്രിന്‍സ് ഓഫ് മോാറോക്കൊ' എന്നാണ് വിശേഷിപ്പിച്ചത്. മുസ്ലിം സ്വത്വത്തിലേക്കുളള സൂചനകളൊന്നും നല്‍കാതിരുന്നത് ബോധപൂര്‍വ്വമാണെന്ന വാദം ഉന്നയിച്ച അനേകം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഥവാ, ഒരു പ്ലോട്ട് ഡിവൈസെന്ന പോലെ മുസ്ലിം കഥാപാത്രങ്ങളെ ഉപയോഗിക്കുകയും, എന്നാല്‍ അവര്‍ക്ക് കൃത്യമായ അസ്തിത്വം നല്‍കാതിരിക്കുകയും ചെയ്യുന്നത് ഷേക്‌സ്പിയര്‍ രചനയില്‍ ആവര്‍ത്തിക്കപ്പെടുന്ന വിവേചനമാണ്.
ഷേക്‌സ്പിയറിനെ സ്വാധീനിച്ച ഇസ്ലാം:
അറേബ്യന്‍ സാഹിത്യത്തില്‍ നിറഞ്ഞ് നിന്നിരുന്ന സ്‌നേഹം, ചതി, നീതി, കുറ്റബോധം എന്നിവ ഷേക്‌സ്പിയര്‍ രചനയിലും ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. 'ഷേക്‌സ്പിയര്‍ ത്രൂ ഇസ്ലാമിക് വേര്‍ള്‍ഡ്‌സ്' എന്ന പുസ്തകം രചിച്ച അംബീരീന്‍ ദാദാബോയി ഷേക്‌സ്പിയറില്‍ അറബിക് സാഹിത്യങ്ങള്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഷേക്‌സ്പിയര്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും നിഴലെന്ന പോലെ ഷേക്‌സപിയര്‍ രചനകളില്‍ അറബിക് സാഹിത്യങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് അവരുടെ വാദം. റോമിയോ ജൂലിയറ്റിന് ഒമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട 'ലൈല മജ്‌നു'വുമായിട്ടുളള സാമ്യതകളെ കുറിച്ചും ഇതിനോടകം അനവധി പഠനങ്ങള്‍ വന്ന് കഴിഞ്ഞിട്ടുണ്ട്.
നവ അറബ് സാഹിത്യത്തിലെ ഷേക്‌സ്പിയര്‍ സാന്നിധ്യം:
തങ്ങളുടെ വിശ്വാസത്തെയും, പാരമ്പര്യത്തെയും യൂറോകേന്ദ്രീകൃത പൊതുബോധത്തിന് അനുയോജ്യമായി അവതരിപ്പിച്ച ഷേക്‌സ്പിയറിനോടുളള പ്രതികാരം വീട്ടുകയാണ് നിലവിലെ അറബ് ലോക സാഹിത്യകാരന്മാര്‍. ഷേക്‌സ്പിയര്‍ രചനകളിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച അതേ മുസ്ലിം അപരവല്‍കരണത്തിനെതിരെ പുതിയ കാല അറബ് സാഹിത്യകാരന്‍മാര്‍ ഷേക്‌സ്പിയര്‍ രചനകളെ തന്നെ ഉപയോഗപ്പെടുത്തി പ്രതിരോധം തീര്‍ക്കുകയാണ്. സിറിയന്‍ നാടകകൃത്ത് മംമ്ദൂഹ് അദ്വാനിന്റെ 1976ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'ഹാംലെറ്റ് വേക്‌സ് അപ്പ് ലേറ്റ്' എന്ന നാടകവും, 2016ല്‍ ഫലസ്തീനിയന്‍ സംവിധായകന്‍ അലി അബു യാസിന്‍ ഒരുക്കിയ 'റോമിയോ ആന്‍ഡ് ജൂലിയറ്റ് ഇന്‍ ഗസ്സ' എന്ന നാടകവും ഈ പ്രതിരോധ പരമ്പരകളിലെ അനവധി ഉദാഹരണങ്ങളില്‍ ചിലത് മാത്രം.
Summary: The article explores the complex relationship between William Shakespeare’s writings and the Islamic world, examining how the poet was influenced by Arabian literature while simultaneously contributing to the 'othering' of Muslim characters. While Shakespeare famously referenced the 'perfumes of Arabia' in Macbeth, his portrayal of people from those lands was often clouded by the Eurocentric prejudices of the Elizabethan era.
During the reign of Queen Elizabeth I, England maintained diplomatic ties with Islamic powers like the Ottoman Empire and Morocco. However, a parallel narrative of fear and hatred—fueled by the aftermath of the Crusades and political rivalry—shaped the British public consciousness. Shakespeare, drawing from travelogues and propaganda of the time, reflected these biases. Muslim characters were often identified through racialized terms like 'Moor' or 'Turk' rather than personal names or specific religious identities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."