വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയത് എ.ഐ സഹായത്തോടെ
വാഷിങ്ടൺ: വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചതായി റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള എ.ഐ സ്റ്റാർട്ട്അപ് ആന്ത്രോപിക്കിന്റെ ടൂളുകൾ സൈന്യം ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണൽ യു.എസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് നൽകിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
2026 ജനുവരി മൂന്നിനാണ് മദുറോയെ യു.എസ് സൈന്യം വെനിസ്വേലയുടെ തലസ്ഥാനമായ കറാകസിൽനിന്ന് ന്യൂയോർക്കിലേക്ക് തട്ടിക്കൊണ്ടുപോയത്. ഈ തട്ടിക്കൊണ്ട് പോകലിനാണ് ഡാറ്റാ സ്ഥാപനമായ പാലന്തിർ ടെക്നോളജീസുമായി ചേർന്ന് ആന്ത്രോപിക്കിന്റെ ക്ലോഡ് (Anthropic Claude) സൈന്യം ഉപയോഗിച്ചത്. നിലവിൽ യു.എസ് പ്രതിരോധ വകുപ്പും ഫെഡറൽ ഏജൻസികളും പാലന്തിർ ടെക്നോളജീസിന്റെ സേവനം വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.
വാൾ സ്ട്രീറ്റ് ജേർണൽ വാർത്തയോട് യു.എസ് ഭരണകൂടവും ആന്ത്രോപിക്കും പാലന്തിർ ടെക്നോളജീസും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ആന്ത്രോപിക്കിന്റെ നയപ്രകാരം ആക്രമണം, ആയുധ നിർമാണം, രഹസ്യ നിരീക്ഷണം തുടങ്ങി ആവശ്യങ്ങൾക്കൊന്നും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കില്ല എന്നാണ്. എന്നാൽ നയത്തിന് വിരുദ്ധമായാണ് റിപ്പോർട്ട് പറയുന്നത്. 380 ബില്ല്യൻ ഡോളർ ആസ്തിയുള്ള കമ്പനിയാണ് ആന്ത്രോപിക്.
അതേസമയം, നേരത്തേയും നിരവധി രഹസ്യ പദ്ധതികൾക്ക് യു.എസ് സൈന്യം ആന്ത്രോപിക്കിനേയും, ഓപൺ എ.ഐയെയും ഉപയോഗിച്ചിരുന്നു. സാധാരണ ഉപഭോക്താക്കൾക്ക് എ.ഐ കമ്പനികൾ വെച്ചിട്ടുള്ള നിയന്ത്രണങ്ങളൊന്നും സൈന്യത്തിനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."