ജിഗ്‌നേഷ് മേവാനി സി.പി.എം പരിപാടിയില്‍നിന്നു പിന്‍മാറി
കണ്ണൂര്‍: ദലിത്‌യുവതി ചിത്രലേഖയ്‌ക്കെതിരേ നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് ഗുജറാത്ത് ദലിത് മുന്നേറ്റ നായകന്‍ ജിഗ്‌നേഷ് മേവാനി സി.പി.എം സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്നും പിന്‍മാറി. സി.പി.എം നിയന്ത്രിത സംഘടനയായ പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ഈ മാസം 21ന് കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാനസംഗമത്തില്‍ നിന്നാണ് ജിഗ്‌നേഷ് മേവാനി പിന്‍മാറിയത്.
സംഘ്പരിവാര്‍ ശക്തികളുടെ ദലിത് പീഡനങ്ങള്‍ക്കും അക്രമത്തിനുമെതിരേയാണ് പി.കെ.എസ് 21ന് നാലുമണിക്ക് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ജിഗ്‌നേഷ് മേവാനിയെ കൂടാതെ ഗുജറാത്ത് കലാപകാരി അശോക് മോച്ചിയെയും സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഗുജറാത്ത് വംശഹത്യയില്‍ സംഘ്പരിവാര്‍ ഫാസിസത്തിന്റെ മുഖമായി മാറുകയും പിന്നീട് സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ച് ദലിത് മുന്നേറ്റത്തിന്റെ ഭാഗമാവുകയും ചെയ്തയാളാണ് അശോക് മോച്ചി. നേരത്തെ തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചവര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ലാത്തതാണ് പി.കെ.എസെന്ന് അറിയിച്ചുവെന്നും അതുകൊണ്ടാണ് പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും ജിഗ്‌നേഷ് മേവാനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പിന്നീട് തന്റെ കേരളത്തിലെ സുഹൃത്തുക്കളാണ് പി.കെ.എസ് സി.പി.എമ്മുമായി ബന്ധപ്പെട്ട സംഘടനയാണെന്ന് അറിയിച്ചത്. തനിക്ക് സി.പി.എം സ്വീകരിച്ച പല നിലപാടുകളോടും വിയോജിപ്പുണ്ട്. ഇത്തരം വിയോജിപ്പുകള്‍ മാത്രമല്ല ചിത്രലേഖയ്‌ക്കെതിരേ സി.പി.എം സ്വീകരിക്കുന്ന നിലപാടുകളെ അതിശക്തമായി അപലപിക്കുകയും ചെയ്യുന്നു. ഈ പേരാട്ടത്തില്‍ ചിത്രലേഖയോടൊപ്പമാണ് താനെന്നും ജിഗ്‌നേഷ് മേവാനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പട്ടികജാതി ക്ഷേമസമിതി നടത്തുന്ന സ്വാഭിമാനസംഗമത്തിന്റെ പോസ്റ്ററിനൊപ്പമാണ് ജിഗ്‌നേഷ് മേവാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ജിഗ്‌നേഷ് പിന്‍മാറിയത് തങ്ങളറിയില്ലെന്നു പി.കെ.എസ് കണ്ണൂര്‍ ജില്ലാ ഭാരവാഹിയായ ഗംഗാധരന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
ആര് പിന്‍മാറിയാലും തങ്ങള്‍ പരിപാടി നടത്തുമെന്നും ഡല്‍ഹിയില്‍ നിന്നും ജിഗ്‌നേഷുമായി പരിചയമുള്ള ഒരാളാണ് പി.കെ.എസിന്റെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ഗംഗാധരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."