കോഴിക്കോട് നഗരമധ്യത്തിൽ പൊലിസിന് നേരെ ആക്രമണം: ടൗൺ എസ്.ഐയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി; പ്രതി പിടിയിൽ
കോഴിക്കോട്: നഗരമധ്യത്തിൽ പൊലിസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കോഴിക്കോട് ടൗൺ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഷാഫിക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എടക്കാട് സ്വദേശി പ്രമോദിനെ നാട്ടുകാരും പൊലിസും ചേർന്ന് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് പ്രമോദ്.
ഇന്ന് വൈകിട്ടോടെ ടൗൺ പൊലിസ് സ്റ്റേഷന് മുൻവശത്തുള്ള ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ചായ കുടിക്കാനെത്തിയതായിരുന്നു എസ്.ഐ ഷാഫി. ഈ സമയം ഹോട്ടൽ ജീവനക്കാരനും പ്രതിയായ പ്രമോദും തമ്മിൽ ശക്തമായ വാക്കുതർക്കം നടക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഇടപെട്ട എസ്.ഐ, ഹോട്ടലിൽ ബഹളമുണ്ടാക്കരുതെന്ന് പ്രമോദിനോട് നിർദ്ദേശിച്ചു.
തുടർന്ന് പ്രതി എസ്.ഐയോട് തട്ടിക്കയറുകയും പ്രകോപിതനാവുകയും ചെയ്തു. ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ശേഷം എസ്.ഐ ഹോട്ടലിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. പ്രതി പിന്നിൽ നിന്നും എത്തി എസ്.ഐയെ കുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രമോദിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ എസ്.ഐ ഷാഫിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് ടൗൺ പൊലിസ് അറിയിച്ചു.
Police Officer Stabbed in Kozhikode City; Suspect Arrested A Sub-Inspector (SI) of the Kozhikode Town Police Station was stabbed on Saturday while trying to intervene in a dispute.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."