അന്തർദേശീയ ഫാൽക്കൺ സംഘടനയിൽ ഇന്ത്യക്ക് അംഗത്വം: പുതിയ സാധ്യതകൾ തുറക്കും
ദുബൈ: ദുബൈ ആസ്ഥാനമായുള്ള അന്തർദേശീയ ഫാൽക്കൺ സംഘടനയായ ഇന്റർനാഷണൽ ഫാൽക്കൺ ഫെഡറേഷൻ ഓഫ് സ്‌പോർട്‌സ് ആൻഡ് റൈസിങ് എന്ന സംഘടനയിൽ ഇന്ത്യക്ക് അംഗത്വം ലഭിച്ചു. പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ.സുബൈർ മേടമ്മലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫാൽക്കൺ അക്കാദമി ഫോർ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ എന്ന സംഘടനക്കാണ് അന്തർദേശീയ ഫൽക്കൺ അസോസിയേഷനിൽ അംഗത്വം ലഭിച്ചത്.
ദുബൈയിൽ നടന്ന സുപ്രധാന ചടങ്ങിൽ ഡോക്ടർ. സുബൈർ മേടമ്മലും അന്തർദേശീയ ഫാൽക്കൺ അസോസിയേഷൻ സി.ഇ.ഒ ആയ റാഷിദ് അൽ മർഹാനും അംഗത്വവുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ ഒപ്പു വെച്ചു. ആഗോള തലത്തിൽ ഇരുപത്തി അഞ്ച് രാഷ്ട്രങ്ങൾ ഉള്ള ഈ സംഘടനയിൽ ഇരുപത്തി ആറാമത്തെ രാഷ്ട്രമായാണ് ഇന്ത്യ അംഗീകരിക്കപ്പെടുന്നത്.
അന്താരാഷ്ട്ര ഫാൽക്കൺ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇതോടെ ഫാൽക്കൺ അക്കാദമിക് അവസരം ലഭിക്കും. ഇന്ത്യയിൽ ഫാൽക്കണുകളെ ഉപയോഗിച്ചുള്ള പരിശീലനം നിലവിൽ ലഭ്യമല്ല. ഈ മേഖലയിൽ പുതിയ ഇടപെടലുകൾക്ക് അന്താരാഷ്ട്ര സംഘടനയുടെ അംഗീകാരം സഹായമാകുമെന്ന് ഡോ. സുബൈർ മേടമ്മൽ പറഞ്ഞു. മൂന്നു പതിറ്റാണ്ടിലേറെയായി ഫാൽക്കണുകളെ കുറിച്ച് പഠനം നടത്തി വരികയാണ് തിരൂർ വാണിയമ്മൽ സ്വദേശിയായ ഡോ.സുബൈർ മേടമ്മൽ. കഴിഞ്ഞ വർഷം ഡിസംബറിൽ കുവൈറ്റിൽ വെച്ച് നടന്ന ഫാൽക്കൺ മൽസരത്തിൽ അദ്ദേഹം പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു.
മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഫാൽക്കൺ പക്ഷിക്ക് 5 മില്യൺ ദിർഹം ആണ് സമ്മാനമായി നൽകുന്നത്.
അറബികളുടെ സംസ്‌കാരത്തിന്റെ പ്രതീകമായ ഫാൽക്കൺ പക്ഷികളെ കുറിച്ചുള്ള ഗവേഷണത്തിലൂടെ ശ്രദ്ധേയനായ ഡോ.സുബൈർ മേടമ്മൽ, ഫാൽക്കൺ ഗവേഷണത്തിൽ ഡോക്‌റേറ്റ് നേടിയ ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമാണ്. കാലിക്കറ്റ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസറാണ് അദ്ദേഹം. സർവകലാശാല ആസ്ഥാനമായ അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഡിനേറ്ററുമാണ്.
പ്രസ്തുത സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് ദുബൈയിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ റേസിംഗ് മത്സരം യു എഇ കായിക മന്ത്രി H. E. Dr. അഹ് മദ് ബൽഹോൾ അൽഫലാസി ഉൽഘാടനം ചെയ്തു , 26 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ UAE ടീം ചാമ്പ്യന്മാരായി.ബഹ്റൈൻ , ഖത്തർ എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 5 മില്യൺ, രണ്ട് മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം മൂന്ന് മില്യൺ , ഒരു മില്യൺ ദിർഹം വീതം മന്ത്രി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."