വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈ: രാജ്യത്തെ പ്രീമിയം ട്രെയിൻ സർവീസായ വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ യുവാവ് റെയിൽവേ പൊലിസിന്റെ പിടിയിലായി. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ബാലെ (37) എന്നയാളെയാണ് റെയിൽവേ സംരക്ഷണ സേന (RPF) അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്നും സോലാപുരിലേക്ക് പോവുകയായിരുന്ന ട്രെയിനിലായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.
ഡിസംബർ 27-ന് സർവീസ് നടത്തിയ 22225-ാം നമ്പർ മുംബൈ-സോലാപുർ വന്ദേഭാരത് എക്‌സ്പ്രസിലെ സി-16 കോച്ചിലായിരുന്നു സംഭവം. യാത്രയ്ക്കിടെ കോച്ചിലെ ശുചിമുറിയിൽ പാമ്പിനെ കണ്ട യാത്രക്കാർ പരിഭ്രാന്തരായി റെയിൽവേ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റെയിൽവേ ജീവനക്കാർ ഉടൻ തന്നെ ശുചിമുറി പുറത്തുനിന്ന് പൂട്ടി കൺട്രോൾ റൂമിലേക്ക് വിവരം കൈമാറി.
ട്രെയിൻ സോലാപുർ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും പാമ്പ് പിടുത്തക്കാരും സ്ഥലത്തെത്തി. അതീവ ജാഗ്രതയോടെ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ നിന്നും പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റിയതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്. എന്നാൽ, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വന്ദേഭാരത് ട്രെയിനിനുള്ളിൽ പാമ്പ് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് റെയിൽവേ അധികൃതർക്ക് വലിയ സംശയം ഉടലെടുത്തു.
തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ സി-16 കോച്ചിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് പാമ്പിനെ ബോധപൂർവം ആരോ തുറന്നുവിട്ടതാണെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളിൽ ജഗൻ അർജുൻ ബാലെ പാമ്പിനെ അടക്കം ചെയ്ത സഞ്ചി ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നതും തിരികെ വരുന്നതും വ്യക്തമായി പതിഞ്ഞിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ നാസിക്കിൽ നിന്നും പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇയാൾ എന്തിനാണ് ഇത്തരമൊരു അപകടകരമായ കൃത്യത്തിന് മുതിർന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ റെയിൽവേ പൊലിസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാളുടെ മാനസികനിലയെക്കുറിച്ചും പൊലിസ് പരിശോധിക്കുന്നുണ്ട്.
പിടികൂടിയ പ്രതിയെ കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ട്രെയിൻ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും റെയിൽവേ ഇന്റലിജൻസ് പരിശോധിച്ചു വരികയാണ്.
വന്ദേഭാരത് പോലുള്ള ആധുനിക ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
a 37-year-old man from nashik, jagannath arjun bale, was arrested by the railway protection force (rpf) for releasing a snake inside the toilet of the mumbai-solapur vande bharat express.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."