തിന്മകളോടുള്ള സമരമാണ് ബലിപെരുന്നാളിന്റെ സന്ദേശം
ബലിപെരുന്നാളും ഹജ്ജും ഇബ്‌റാഹീം നബി (അ)യുടെ ജീവിതസന്ദേശത്തിന്റെ അനുസ്മരണമാണ്. ഒരു വിശ്വാസി അനുകരിക്കേണ്ട സര്‍വമാതൃകകളും ഇബ്‌റാഹീം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്ക് ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ച് ജനങ്ങളെ ക്ഷണിച്ച ധീരത്യാഗിയായിരുന്നു ഇബ്‌റാഹീം (അ). അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ പ്രബോധന ജീവിതത്തില്‍നിന്നുള്ള ഏടുകള്‍ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നുകാണിച്ചു.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെയ്യേണ്ട ധര്‍മസമരത്തിന്റെ മാതൃക ഇബ്‌റാഹീമില്‍ (അ) നിന്ന് പഠിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ടതു പ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമത്രെ അത്. മുന്‍പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് പേരു നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കാനും, നിങ്ങള്‍ ജനങ്ങള്‍ക്കു സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നിസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!'(22: 78). അല്ലാഹുവിനെ അുസരിച്ചു ജീവിക്കുകയും നേര്‍വഴിയില്‍നിന്ന് വ്യതിചലിക്കാതെ നിലകൊള്ളുകയും ചെയ്യുന്ന ഒരു സമുദായമായിരുന്നു ഇബ്‌റാഹീം (അ) എന്ന ഖുര്‍ആന്‍ വചനം (16: 20) ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഹജ്ജ് കര്‍മത്തിലെ ആരാധനകള്‍ ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെയും പ്രതീകം കൂടിയാണ്. പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിച്ചേരുന്ന ലക്ഷോപലക്ഷം വിശ്വാസികള്‍ ബലികര്‍മം നടത്തിയും സ്വഫാ മര്‍വാ മലകള്‍ക്കിടയില്‍ നടന്നും ആ മഹത്തുക്കളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുമ്പോള്‍ സ്വദേശത്തുള്ളവര്‍ മസ്ജിദുകളില്‍ സമ്മേളിച്ചു തക്ബീര്‍ മുഴക്കിയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചും ബലിനടത്തിയുമെല്ലാം ചരിത്രസ്മരണകള്‍ അയവിറക്കുന്നു.
സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ പ്രതീകമായിരുന്ന ഇബ്‌റാഹീം നബി (അ) അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെല്ലാം സമര്‍പ്പിക്കാന്‍ സന്നദ്ധനായി. സഹധര്‍മിണി ഹാജറ (റ)യെയും പുത്രന്‍ ഇസ്മാഈലി (അ)നെയും മക്കയുടെ ഊഷരഭൂമിയില്‍ ഉപേക്ഷിച്ചു പോരാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ വീണ്ടുവിചാരമില്ലാതെ മരുഭൂമിയില്‍ അവരെ തനിച്ചാക്കി നാഥന്റെ ആജ്ഞയനുസരിക്കാന്‍ അവിടുന്ന് തയാറായി. വാര്‍ധക്യകാലത്ത് ലഭിച്ച പ്രിയപുത്രനെ ഇലാഹീമാര്‍ഗത്തില്‍ ബലി നല്‍കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിനു സന്നദ്ധനായി. പക്ഷേ, പിതാവിന്റെയും പുത്രന്റെയും ത്യാഗസന്നദ്ധതയില്‍ സംതൃപ്തനായ അല്ലാഹു പുത്രനു പകരം ഒരാടിനെ ബലിയറുക്കാന്‍ വിധിച്ചുകൊണ്ട് ഇരുവരെയും അനുഗ്രഹിക്കുകയായിരുന്നു. ബലിപെരുന്നാള്‍ ദിവസത്തില്‍ ലോകമുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന ബലി കര്‍മത്തിന്റെ നിദാനം ഈ സംഭവമാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു, ''അദ്ദേഹം പറഞ്ഞു, നിശ്ചയമായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എന്നെ നേര്‍മാര്‍ഗത്തിലാക്കും. എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍പ്പെട്ട സന്താനങ്ങളെ എനിക്കു നീ പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ആണ്‍കുട്ടിയെക്കുറിച്ച് അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത അറിയിച്ചു. അങ്ങനെ ആ കുട്ടിക്കു തന്നോടൊന്നിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ പ്രിയമകനേ, നിന്നെ ഞാന്‍ അറുക്കുന്നതായി സ്വപ്നം കാണുന്നു. അതുകൊണ്ട് (ആ കാര്യത്തില്‍) നിന്റെ അഭിപ്രായമെന്താണെന്നു ചിന്തിച്ചുനോക്കൂ. കുട്ടി പറഞ്ഞു: എന്റെ പിതാവേ, അവിടത്തോട് കല്‍പിക്കപ്പെടുന്നതു ചെയ്യുക. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ക്ഷമിക്കുന്നവരില്‍പ്പെട്ടവനായി അങ്ങ് എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ രണ്ടുപേരും (കല്‍പനയ്ക്ക്) കീഴടങ്ങുകയും അദ്ദേഹം കുട്ടിയെ ഒരു ചെന്നിപ്പുറത്തേക്ക് ചെരിച്ചുകിടത്തുകയും ചെയ്തപ്പോള്‍.! (ആ സന്ദര്‍ഭം വര്‍ണനാതീതമാണ്.) നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: 'ഹേ, ഇബ്‌റാഹീം, താങ്കള്‍ സ്വപ്നം സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തിരിക്കുന്നു. നിശ്ചയമായും ഇപ്രകാരം സുകൃതം ചെയ്തവര്‍ക്കു നാം പ്രതിഫലം കൊടുക്കും. തീര്‍ച്ചയായും ഇതു സ്പഷ്ടമായ ഒരു പരീക്ഷണം തന്നെയാണ്. മഹത്തായ ഒരു ബലിമൃഗത്തെക്കൊണ്ട് അവനു (പകരം) നാം പ്രായശ്ചിത്തം കൊടുക്കുകയും പിന്‍തലമുറകളില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നിലനിര്‍ത്തുകയും ചെയ്തു. ഇബ്‌റാഹീമിന്റെ മേല്‍ രക്ഷയുണ്ടായിരിക്കും. നിശ്ചയമായും അപ്രകാരം സുകൃതം ചെയ്തവര്‍ക്കുനാം പ്രതിഫലം കൊടുക്കുന്നതാണ്. അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിമകളില്‍പ്പെട്ട ആള്‍ തന്നെയാകുന്നു'' (അസ്സാഫാത്ത് 99-111).
തനിക്കു വിലപ്പെട്ടതെന്തും ഉത്തമ ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിക്കാനുള്ള സന്നദ്ധതയുടെ പ്രതീകമാണത്. ജീവിത പരീക്ഷണത്തില്‍ അത്യുന്നത വിജയം കൈവരിക്കാന്‍ സാധിച്ച ഇബ്‌റാഹീം (അ) ഉദാത്തമാതൃകയുടെ അടയാളമായി മാറുകയായിരുന്നു. ചുരുക്കത്തില്‍, ജീവിതം അല്ലാഹുവിനു സമര്‍പ്പിതമാക്കുകയാണ് ഇബ്‌റാഹീമിയ്യാ മില്ലത്തിന്റെ ആകെത്തുക. ജീവിതത്തിന്റെ സര്‍വമേഖലകളിലും മാതൃകായോഗ്യ കുടുംബമായാണ് ഇബ്‌റാഹീം (അ) കുടുംബത്തെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. (സൂറത്തുല്‍ മുംതഹന, 4). മുസ്‌ലിംകള്‍ മാത്രമല്ല, യഹൂദ-ക്രൈസ്തവരും തങ്ങളുടെ ആദര്‍ശപിതാവായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഇബ്‌റാഹീം നബി (അ). പക്ഷെ ഇബ്‌റാഹീം നബി (അ) പഠിപ്പിച്ച തൗഹീദ് അംഗീകരിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണ്.
ശരിയായ ഏകദൈവ വിശ്വാസം ഒരാളെ എങ്ങനെയാണ് നിര്‍ഭയനും അല്ലാഹുവില്‍ പൂര്‍ണമായി ഭാരമേല്‍പ്പിക്കുന്നവനുമാക്കുന്നുവെന്നതുമാണ് ഇബ്‌റാഹീമി (അ)ന്റെ മാര്‍ഗം നമുക്കു പകര്‍ന്നു നല്‍കുന്ന പാഠം. ആ മാര്‍ഗം അനുധാവനം ചെയ്യുന്നവനെ വിജയിയായും അല്ലാത്തവനെ മൂഢനായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. 'സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക?' (2:130).
'സദ്‌വൃത്തനായി തന്റെ മുഖത്തെ അല്ലാഹുവിനു കീഴ്‌പ്പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ച് നിന്നു ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്?'(4:125). ആരുടേയെങ്കിലും ഭീഷണിക്ക് മിമ്പില്‍ തളരാതെ തലഉയര്‍ത്തിപ്പിടിച്ച് ഇസ്സത്തോട് കൂടി നിലകൊള്ളാനായി എന്നത് ഇബ്‌റാഹീമി സരണിയില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന തിളക്കമാണ്. തൗഹീദിന്റെ പ്രഖ്യാപനത്തിനായി ഏത് ത്യാഗവും സഹിക്കാന്‍ നാം സന്നദ്ധരായേ പറ്റൂ. ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ലഭിക്കുന്ന അനിര്‍വചനീയമായ അനുഭൂതിയും ആത്മനിര്‍വൃതിയുമാണ് ബലിപെരുന്നാളിന് തിളക്കമേറ്റുന്നത്.
ജീവിതത്തില്‍ വലുതെന്ന് കരുതുന്ന ഭൗതിക താല്‍പര്യങ്ങളെ പ്രപഞ്ചനാഥന്റെ പ്രീതിക്കായി സമര്‍പ്പിക്കാന്‍ കഴിയുകയെന്നതാണ് ജീവിതവിജയം. ഒരു പുരുഷായുസ്സ് മുഴുവന്‍ പരീക്ഷണങ്ങളുടെ അഗ്‌നിപാതയിലൂടെ സഞ്ചരിച്ചിട്ടും തെല്ലും ചാഞ്ചല്യമില്ലാത്ത വ്യക്തിത്വം നിലനിര്‍ത്താന്‍ സാധിച്ചുവെന്നതാണ് ഇബ്‌റാഹീംനബിയുടെ പ്രത്യേകത. പരീക്ഷണങ്ങളുടെ നടുക്കടലില്‍ നിന്നും വിശ്വാസദാര്‍ഢ്യത്തോടം വിജയശ്രീലാളിതനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് സദ്കീര്‍ത്തി ഉണ്ടാക്കേണമേ എന്ന ഇബ്‌റാഹീം നബി (അ) യുടെ പ്രാര്‍ഥനക്ക് അല്ലാഹു നല്‍കുന്ന ഉത്തരമാണ് മക്കയിലേക്കുള്ള മനുഷ്യപ്രവാഹം.
അത്യാഢംബരത്തോടെ ധൂര്‍ത്തടിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കുന്നവര്‍ ഇബ്‌റാഹീമീ മില്ലത്തില്‍ നിന്നും വ്യതിചലിക്കുകയാണ് ചെയ്യുന്നത്. കേവലം ആഘോഷ ചടങ്ങുകളും ബലിമാംസവിതരണവും മാത്രമായി ബലിപെരുന്നാള്‍ ഒതുങ്ങുന്നത് അപകടകരമാണ്.മറിച്ച് ഇബ്‌റാഹീമീ മില്ലത്ത് വിളംബരം ചെയ്യുന്ന വിശ്വാസദാര്‍ഢ്യവും ക്ഷമയും സഹനവും ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളാവുന്ന അവസ്ഥയിലേക്ക് മുസ്‌ലിംകള്‍ ഉയര്‍ന്നുവരണം.
ജീവിതത്തിന്റെ നിഖില മേഖലകളിലും നമുക്കു ഉദാത്ത മാതൃകയായി നേര്‍വഴി കാണിച്ച ഇബ്‌റാഹീം (അ)ന്റെ പാത പിന്തുടര്‍ന്ന് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുക എന്നതാണ് ബലിപെരുന്നാളിന്റെ സന്ദേശം. ഇലാഹീ തൃപ്തിക്ക് അപ്പുറമുള്ളതിനെ അറുത്തുമാറ്റലാണത്. അല്ലാഹു ഇഷ്ടപ്പെട്ടതിനെ ഇഷ്ടപ്പെടാനും വെറുക്കാന്‍ പറഞ്ഞത് വെറുക്കാനും നമുക്കു സാധിക്കണം. സ്രഷ്ടാവ് കല്‍പിച്ചാല്‍ എന്തും ത്യജിക്കാന്‍ തയാറാണെന്ന പ്രഖ്യാപനം കൂടി അതുള്‍ക്കൊള്ളുന്നുണ്ട്. ഇങ്ങനെ സ്വന്തത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ സഹജീവിയുടെയും സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനുള്ള സന്ദേശം കൂടി പകരുന്നതാണ് ഈദുല്‍ അദ്ഹ.
ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ സത്യവിശ്വാസികളെന്ന നിലയില്‍ പെരുന്നാളിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് കൊണ്ട് ബന്ധങ്ങള്‍ പുഷ്പിക്കാനും സാഹോദര്യം ഊട്ടിയുറപ്പിക്കാനും ദൈവമാര്‍ഗത്തില്‍ സമര്‍പ്പണ സന്നദ്ധരായി ത്യാഗമനുഷ്ടിക്കാനുള്ള കരുത്ത് നേടിയെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു അക്ബര്‍ ..വലില്ലാഹില്‍ ഹംദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."