the government has decided to introduce amendments to the kerala advocates’ welfare fund act. the cabinet has approved the kerala advocates’ welfare fund (amendment) bill for this purpose.
HOME
DETAILS
MAL
അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും
February 15, 2026 | 2:11 AM
കളമശേരി: കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ. ഇതിനായി കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതോടെ അഭിഭാഷകർക്കും അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാകും. അഭിഭാഷകരുടെ വിരമിക്കൽ ആനുകൂല്യത്തിലും മരണാനന്തര ആനുകൂല്യത്തിലുമാണ് വർധനവ് വരുക. 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായാണ് ഉയരുക. കൂടാതെ, മാരകമായ രോഗങ്ങൾക്കും പ്രധാന ശസ്ത്രക്രിയകൾക്കുമുള്ള ചികിത്സാസഹായം ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിക്കും.
ക്ഷേമനിധി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കാനും വ്യവസ്ഥയുണ്ട്. വക്കാലത്തുകളിൽ പതിപ്പിക്കേണ്ട വെൽഫെയർ ഫണ്ട് സ്റ്റാമ്പ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന വക്കാലത്തുകൾക്ക് 200 രൂപയുടെയും സബോർഡിനേറ്റ് കോടതികൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിൽ 100 രൂപയുടെയും സ്റ്റാമ്പുകൾ പതിപ്പിക്കണം. കൂടാതെ, ജൂനിയർ അഭിഭാഷകരുടെ ക്ഷേമം മുൻനിർത്തി 'അഡ്വക്കേറ്റ് സ്‌റ്റൈപ്പൻഡ് സ്റ്റാമ്പുകൾ പുതുതായി ഏർപ്പെടുത്തി. ഹൈക്കോടതിയിൽ 50 രൂപയുടെയും മറ്റ് കോടതികളിൽ 25 രൂപയുടെയും സ്‌റ്റൈപ്പൻഡ് സ്റ്റാമ്പുകളാണ് വക്കാലത്തുകളിൽ പതിപ്പിക്കേണ്ടത്. ബാറുകളിൽ അംഗത്വം നേടുന്നതിനുള്ള പ്രവേശന ഫീസ് 1000 രൂപയായി ഉയർത്തും. ബാറിലെ സേവന കാലയളവ് അനുസരിച്ച് വാർഷിക വരിസംഖ്യ 1,000 രൂപ മുതൽ 6,000 രൂപ വരെയാക്കി പുനർനിശ്ചയിച്ചു. സീനിയർ അഭിഭാഷകർ വർഷം 10,000 രൂപ വരിസംഖ്യയായി അടയ്ക്കണം. 40 വർഷം അംഗത്വം പൂർത്തിയാക്കിയവർ പിന്നീട് വരിസംഖ്യ അടയ്‌ക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."