മന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം: ആഭ്യന്തര വകുപ്പിനെതിരേ അമര്‍ഷം
കണ്ണൂര്‍: മന്ത്രി കെ.കെ ശൈലജ പങ്കെടുക്കുന്ന പരിപാടിക്കും പൊലിസ് അനുമതി നിഷേധിച്ച സംഭവത്തില്‍ സി.പി.എമ്മില്‍ രോഷം.
14ന് സംഘര്‍ഷപ്രദേശമായ ഇരിട്ടി മുഴക്കുന്നില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ സമാപനത്തിനാണ് പൊലിസ് അനുമതി നിഷേധിച്ചത്. കലാകായിക മത്സരവിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഓണാഘോഷപരിപാടികളുടെ സമാപനത്തിലുമാണ് മന്ത്രിയെ ക്ഷണിച്ചതെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.
എന്നാല്‍ പൊലിസ് പരിപാടിയ്ക്കുള്ള അനുമതി നല്‍കിയിട്ടില്ല. ഈപരിപാടിക്ക് അനുമതി നിഷേധിച്ചത് മതതീവ്രവാദസംഘടനകളെ സഹായിക്കാനാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. അതേസമയം മുഴക്കുന്നില്‍ സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മുഴക്കുന്ന് എസ്.ഐ പി.എ ഫിലിപ്പ് പറഞ്ഞു.
രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ തില്ലങ്കേരി, മുഴക്കുന്ന് എന്നീ പ്രദേശങ്ങളില്‍ മുഴുവന്‍ ഓണാഘോഷപരിപാടികള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണ് ജില്ലാപൊലിസ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന കണ്ണൂര്‍ ജില്ലാപൊലിസ് മേധാവിയെ ഒരുനിമിഷം പോലും തല്‍സ്ഥാനത്തിരുത്താന്‍ പാടില്ലെന്ന നിലപാടിലാണ് കണ്ണൂര്‍ ജില്ലാനേതൃത്വം.
ഭരണംഗൗനിക്കാതെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ ശക്തമായ നടപടികളുമായി പൊലിസ് മുന്നോട്ടുനീങ്ങുന്നത് കണ്ണൂര്‍ സി.പി.എമ്മില്‍ കടുത്ത അമര്‍ഷമുണ്ടാക്കുന്നുണ്ട്. പൊലിസിനെ അഴിച്ചുവിടുന്ന ആഭ്യന്തരവകുപ്പിനെതിരേ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്.
എല്‍.ഡി.എഫ് ഭരണത്തിലേറിയിട്ട് നൂറുദിവസം പിന്നിടും മുന്‍പുതന്നെ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന് തങ്ങളുടെ പ്രവര്‍ത്തകനെ കാപ്പചുമത്തി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പുസമരംവരെ നടത്തേണ്ടി വന്നു. കണ്ണൂര്‍ എസ്.പി സഞ്ജയ്കുമാര്‍ ഗുരുദീനെ മാറ്റാന്‍ ജയരാജന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതുകൂടാതെ സി.പി.എം അനുഭാവികളായ എസ്.ഐമാരെ ജില്ലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അഴീക്കോടന്‍ സെന്ററില്‍ നിന്നും പട്ടിക ആഭ്യന്തരവകുപ്പിലേക്ക് പോയെങ്കിലും അതും ഫലംകണ്ടില്ല. ഇതിനു പിന്നാലെയാണ് സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി മന്ത്രി പങ്കെടുക്കുന്ന പരിപാടിക്കുപോലും പൊലിസ് വിലക്ക് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."