സംഘ്പരിവാറിന്റെ സ്ഥിതിയില്‍ നേതൃത്വത്തിന് ആശങ്ക; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കും
കണ്ണൂര്‍: നിരന്തരം കായികാക്രമണങ്ങള്‍ നേരിടുന്ന കേരളത്തില്‍ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പുതന്നെ ആശങ്കാജനകമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ ഇതേരീതിയില്‍ അക്രമം തുടരുകയാണെങ്കില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പരിവാറിന്റ അടിത്തറ തകരുമെന്നാണ് മംഗളൂരു എം.പി നളിന്കഠിനടക്കമുള്ള നിരീക്ഷകര്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചരിത്രത്തിലില്ലാത്ത കടന്നാക്രമണങ്ങളാണ് ബി.ജെ.പിക്കും ആര്.എസ്.എസിനുമെതിരേ നടക്കുന്നത്. ബി.ജെ.പി ആസ്ഥാന മന്ദിരത്തിനുനേരെ ബോംബെറിഞ്ഞ് സംസ്ഥാന അധ്യക്ഷനെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായി. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് അധ്യക്ഷനായി എം.പിമാരായ മീനാക്ഷി ലേഖി, അനന്ത് ഹെഗ്ഡേ, നളിന്കഠിന്, എച്ച്.രാജ എന്നിവരെ അംഗങ്ങളാക്കി പ്രത്യേകസമിതി രൂപീകരിച്ചത്. പാര്‍ട്ടിഅധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്. സംസ്ഥാനത്ത് അക്രമം നടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍, കാര്യാലയങ്ങള്‍ എന്നിവ പ്രത്യേകസമിതി ഉടന്‍ സന്ദര്‍ശിക്കും. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇരകളാക്കപ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തി വിശദമായ റിപ്പോര്‍ട്ടു നല്‍കും. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംഘ്പരിവാര്‍ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേന്ദ്രം ബി.ജെ.പി ഭരിക്കുന്ന സാഹചര്യത്തില്‍ അക്രമം നിര്‍ത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത നടപടിവേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."