പരാതി തൊഴിലാളികള്‍ക്ക് മാത്രം; തൊഴിലാളി സംഘടനകള്‍ മൗനത്തില്‍
കല്‍പ്പറ്റ: ഹാരിസണ്‍ മലയാളം കമ്പനിയില്‍ ഇത്തവണയും ബോണസ് 8.33 ശതമാനം മാത്രം. കഴിഞ്ഞ ദിവസം ബോണസ് വിതരണം പൂര്‍ത്തിയായെങ്കിലും ഇതുവരെ പ്രതിഷേധവുമായി ആരും രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ വേതനവര്‍ധനവും ബോണസ് 20 ശതമാനം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരം 17 ദിവസമാണ് നീണ്ടുനിന്നത്. എന്നാല്‍ ഇത്തവണ വിഹിതം കൂട്ടാതെ കമ്പനി ഏകപക്ഷീയമായി ബോണസ് പ്രഖ്യാപിച്ചിട്ടും ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകളൊന്നും ഇതുവരെ പ്രതിഷേധിച്ചിട്ടില്ല.
ബോണസ് ലഭിച്ച തൊഴിലാളികളില്‍ നിന്ന് യൂനിയനുകള്‍ 100 രൂപ വച്ച് പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ വരെ അവധിയുണ്ടായിട്ടും കമ്പനി ഏകപക്ഷീയമായി ബോണസ് പ്രഖ്യാപിക്കുകയായിരുന്നെന്നും പ്രതിഷേധം രേഖപ്പെടുത്തിയാണ് ബോണസ് വാങ്ങിയതെന്നും തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) നേതാവ് പി.പി.എ കരീം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സമരത്തെ തുടര്‍ന്നുനടന്ന ചര്‍ച്ചകളില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനെതിരേയും സംഘടനകളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയര്‍ന്നിരുന്നില്ല.
കഴിഞ്ഞ വര്‍ഷം സമരത്തിന് മുന്‍നിരയിലുണ്ടായിരുന്ന സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകളുടെ മൗനം തൊഴിലാളി വഞ്ചനയാണെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞവര്‍ഷം 8.33 ശതമാനം ബോണസ് പ്രഖ്യാപിച്ചത് വാങ്ങാതെയാണ് സി.ഐ.ടി.യു പ്രതിഷേധം തുടങ്ങിയത്. ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നിലപാടിലും തൊഴിലാളികള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഞങ്ങള്‍ വാങ്ങാതിരുന്നിട്ടു കാര്യമില്ല, സമരംചെയ്തു കമ്പനിയില്‍ നിന്ന് 20 ശതമാനം വാങ്ങിച്ചെടുക്കാന്‍ സംഘടനകള്‍ക്കാവില്ല. സമരകാലത്തെ പട്ടിണി മാത്രമായിരിക്കും അവസാനം ബാക്കിയാകുകയെന്നും എച്ച്.എം.എല്‍ സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റിലെ ഒരു തൊഴിലാളി പറയുന്നു.
സംസ്ഥാനത്താകെ മൂന്ന് ലക്ഷത്തോളം തൊഴിലാളികളും കുടുംബങ്ങളും ഉള്‍കൊള്ളുന്നതാണ് തോട്ടം മേഖല. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തോട്ടം മേഖലയെ അവഗണിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം യൂനിയനുകളെ മാറ്റിനിര്‍ത്തി മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ സമരത്തിന് ഇറങ്ങിയതോടെയാണ് മറ്റു ജില്ലകളില്‍ ട്രേഡ് യൂനിയനുകള്‍ സമരം ആരംഭിച്ചിരുന്നത്.
തുടര്‍ന്ന് തൊഴിലാളികള്‍ക്ക് കമ്പനി ഏകപക്ഷീയമായി പ്രഖ്യാപിച്ച 8.33 ശതമാനം ബോണസും എക്‌സ് ഗ്രേഷ്വേ 11.67ഉം ഉള്‍പ്പെടെ 20 ശതമാനം ലഭിച്ചെങ്കിലും മറ്റു ജില്ലകളിലെ തൊഴിലാളികള്‍ക്ക് ഇത് നിഷേധിക്കുകയായിരുന്നു. ബലിപെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ ഒരുമിച്ചെത്തിയതോടെ കമ്പനി നല്‍കിയ ബോണസ് തോട്ടം തൊഴിലാളികളുടെ ആഘോഷങ്ങള്‍ക്ക് പൊലിമ നല്‍കുമെങ്കിലും വിഷയത്തില്‍ ശബ്ദമുയര്‍ത്താത്ത തൊഴിലാളി സംഘടനകളുടെ നിലപാട് തൊഴിലാളികളുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."