പള്ളിവാസല്‍ പദ്ധതിയില്‍ അഴിമതി: അന്വേഷണം മുന്‍ ചീഫ് എന്‍ജിനീയര്‍ അടക്കമുള്ളവരിലേക്ക്
തൊടുപുഴ:പള്ളിവാസല്‍ വിപുലീകരണ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച വിജിലന്‍സ് അന്വേഷണം കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ അടക്കമുള്ളവരിലേക്ക് നീളുന്നു. പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന ചീഫ് എന്‍ജിനീയര്‍ ബി.എസ് രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരിലേയ്ക്കാണ് അന്വേഷണം നീളുന്നത്. 2008 ഫെബ്രുവരിയില്‍ രാധാകൃഷ്ണന്‍ വിരമിച്ചു.
പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ടണല്‍ കടന്നുപോകേണ്ട ഭൂമിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള അനധികൃത നക്ഷത്ര റിസോര്‍ട്ട്. സ്വന്തം ഭൂമി സംരക്ഷിക്കാന്‍ പദ്ധതിയുടെ ടണല്‍ അലൈന്‍മെന്റ് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ മുതല്‍ മുടക്കുള്ള ഈ റിസോര്‍ട്ട്, കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാര്‍ പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തിയിരുന്നു. ഇപ്പോള്‍ ഭൂട്ടാനില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ചീഫ് കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയാണ് ബി.എസ് രാധാകൃഷ്ണന്‍. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള ഇദ്ദേഹത്തിന്റെ വസതിയില്‍ 2008 ജനുവരിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചാണ് ആനുകൂല്യങ്ങള്‍ നേടിയെടുത്തത്.
പള്ളിവാസല്‍ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് പരാതിയുയര്‍ന്നത്. പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ 2003 ലാണ് ആരംഭിക്കുന്നത്. 8.823 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഭൂമിക്ക് വിലയായി 6,91,36,051 രൂപ നല്‍കി. വ്യക്തികള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നാണ് ഭൂമിയേറ്റെടുത്തത്. റവന്യു തരിശായി കിടന്ന ഭൂമിക്ക് പോലും വില നല്‍കി ഏറ്റെടുത്തതില്‍ വന്‍ അഴിമതിയാണ് നടന്നത്.
പട്ടയ രേഖകളില്ലാത്ത 17 പേര്‍ക്കായി1,38,75,543 രൂപ നല്‍കിയതാണ് അടിസ്ഥാന പരാതി. 2007 ഫെബ്രുവരി 26 ന് ദേവികുളം തഹസീല്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്. മുന്‍ ഇടുക്കി ജില്ലാ കലക്ടര്‍ എ.ജെ രാജന്റെ നേതൃത്വത്തിലായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. പദ്ധതിയെക്കുറിച്ചുള്ള പരാതിയില്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ത്വരിത പരിശോധന തുടങ്ങിയിരിക്കുന്നത്. തൊടുപുഴ വിജിലന്‍സ് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫിനാണ് അന്വേഷണച്ചുമതല. കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് നേരേയും അന്വേഷണം നീണ്ടേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."